കൊല്ലം ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ പത്മകുമാറിന് രണ്ടു കോടി രൂപയില്‍ അധികം കടബാധ്യത ഉള്ളതായി മൊഴി. കൂടാതെ കുറ്റകൃത്യത്തില്‍ ഭാര്യക്കും മകള്‍ക്കും പങ്കുണ്ടെന്നും പത്മകുമാര്‍ മൊഴി നല്‍കി.
ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് സ്‌പെഷ്യല്‍ സംഘം തെങ്കാശിയില്‍ നിന്ന് പിടികൂടിയത്. ഇവര്‍ മാത്രമല്ല ഇവരെ സഹായിക്കാന്‍ മറ്റൊരു സംഘം കൂടി ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ സഹോദരനേയും കൊണ്ടുപോകാനായിരുന്നു പദ്ധതിയിട്ടതെന്ന് പത്മകുമാര്‍ പറയുന്നു. രണ്ടു കുഞ്ഞുങ്ങളേയും കൊണ്ടു പോയിരുന്നെങ്കില്‍ കേസ് മറ്റൊരു വഴിയേ പോകുമായിരുന്നു. കാരണം കേസിന്റെ വിശദാംശങ്ങള്‍ ഒന്നും പുറം ലോകമോ പൊലീസോ അറിയുമായിരുന്നില്ല.
കുഞ്ഞിന്റെ അച്ഛന്‍ റെജിയോടുള്ള വൈരാഗ്യം കാരണമാണ് ഈ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പറയുമ്പോഴും മറ്റെന്തെങ്കിലും ഉണ്ടോ എന്നും പൊലീസ് തിരയുന്നു.
പത്മകുമാറിന്റെ മകളുടെ നഴ്‌സിങ് പഠനത്തിനായി റെജി അഞ്ച് ലക്ഷം രൂപ വാങ്ങിയെങ്കിലും സീറ്റ് ശരിയാക്കുകയോ പണം മടങ്ങി നല്‍കുകയോ ചെയ്തില്ലെന്ന് പറയുന്നു. എന്നാല്‍ രണ്ട് കോടി രൂപ ബാധ്യത ഉള്ള ഒരാള്‍ 10 ലക്ഷം രൂപക്കായി കുടുംബത്തെ കൂട്ടി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുമോ എന്നതാണ് കൂടുതല്‍ സംശയം ഉണ്ടാക്കുന്നത്. എന്നാല്‍ പൊലീസ് ഉടന്‍ വിശദീകരണം നല്‍കും എന്നാണ് കരുതുന്നത്.