ഇടിമിന്നലേറ്റ് ഗുജറാത്തില്‍ 20 പേര്‍ മരണപ്പെട്ടു. കനത്ത മഴയിലും ഇടിമിന്നലിലും വ്യാപക നാശനഷ്ടവും ഉണ്ടായതായി ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.
ഞായറാഴ്ചയാണ് നാടിനെ നടുക്കിയ ഇടിമിന്നല്‍ അപകടം ഉണ്ടായത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലാണ് വ്യാപക ഇടിമിന്നല്‍ ദുരന്തം ഉണ്ടായത്. പൊടുന്നനെയുള്ള കനത്ത മഴക്കിടെയാണ് ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്. കാലം തെറ്റി വന്ന മഴ ഗുജറാത്തിലും സൗരാഷ്ട്ര മേഖലകളിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്.
സംസ്ഥാനത്തെ 252 താലൂക്കുകളിലെ 234 എണ്ണത്തിലും മഴ പെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൂററ്റ്, സുരേന്ദ്ര നഗര്‍, ഖേഡ, ടപ്പി, ഭാറൂച്ച്, അമ്രേലി ജില്ലകളില്‍ അതിശക്തമായ മഴയാണ് ഉണ്ടായത്. 117 മില്ലീമീറ്റര്‍ വരെയുള്ള മഴ ലഭിച്ചു. അറബിക്കടലില്‍ ഉണ്ടായ കൊടുങ്കാറ്റാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ദുരന്തത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിൻ്റെ വ്യസനത്തിൽ പങ്കുചേരുന്നതായും എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.