ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. ഒരു മലയാള ചിത്രം ബംഗാളി സംവിധായകൻ ചെയ്യുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനൊപ്പം ഒരു പറ്റം അഭിനേതാക്കളും അണിയറ പ്രവർത്തകരും അന്യഭാഷയിൽ നിന്നെത്തുന്നു എന്നതും പ്രത്യേകതയാണ്.
ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ് ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ ‘പിയ ബസന്ദി’ എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമ്മാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.
ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ,യു.കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക. അവൾ നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളും, അതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രവർത്തികളുമാണ് ചിത്രം പറയുന്നത്. പൂർണ്ണമായും കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്.
വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. പി.ആർ.ഒ: പി.ശിവപ്രസാദ്.