കേന്ദ്ര വിഹിതം: കേരളത്തിൽ നുണപ്രചാരണം നടക്കുന്നു- നിര്‍മല

0

കേന്ദ്രഫണ്ടിനെ കുറിച്ച് കേരളത്തിൽ നടക്കുന്നത് നുണപ്രചാരണമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനം നല്‍കേണ്ട കൃത്യമായ പ്രപ്പോസല്‍ കേരളം നല്‍കുന്നില്ല. കേന്ദ്ര വിഹിതം നല്‍കാന്‍ അത് അത്യാവശ്യമാണ്. രണ്ട് തവണ ആവശ്യപ്പെട്ടിട്ടും കേരളം മറുപടി നല്‍കിയില്ല. തിരിവനന്തപുരം ആറ്റിങ്ങലില്‍ വായ്പാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

എല്ലാ സംസ്ഥാനങ്ങളോടും ഒരേ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്. കൃത്യമായ വിഹിതം എല്ലാവര്‍ക്കും നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ കേന്ദ്ര ഫണ്ട് സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുകയാണ്. സാമൂഹ്യ പെന്‍ഷനുകള്‍ക്കെല്ലാം കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടുണ്ട്. കേരളത്തിന് ഫണ്ട് ലഭിച്ചില്ല എന്നത് കള്ള പ്രചാരണമാണ്.

ഒക്ടോബര്‍ വരെയുള്ള എല്ലാ അപേക്ഷകള്‍ക്കും ഫണ്ട് നല്‍കി കഴിഞ്ഞതാണ്. അതിന് ശേഷം കേരളത്തില്‍ നിന്ന് അപേക്ഷ വന്നിട്ടുമില്ല. യഥാര്‍ത്ഥ വസ്തുത മാധ്യമങ്ങള്‍ ജനങ്ങളെ അറിയിക്കണം.

കേന്ദ്രത്തില്‍ നിന്നുള്ള പണം ലഭിച്ച ശേഷം കേന്ദ്ര പദ്ധതികളുടെ പേര് മാറ്റുകയാണ് കേരളത്തില്‍. കേന്ദ്ര പദ്ധതികളെ സംസ്ഥാന പദ്ധതിയാണെന്ന് വരുത്തുകയാണ് കേരളത്തില്‍ എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു