വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ തനിക്ക് ഒരു ആശങ്കയും ഇല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഈ സര്‍ക്കാര്‍ എന്തു ചെയ്യും എന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും പേടിയില്ല. ഇവിടെ നിയമ സംവിധാനങ്ങള്‍ ഉണ്ടല്ലോ. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രാഹുല്‍.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. ഇന്നലെ മാത്രമാണ് തനിക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നോട്ടീസ് ലഭിച്ചത്. വേണമെങ്കില്‍ സമയം നീട്ടി ചോദിച്ച് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാകാം.. പക്ഷേ അന്വേഷണവുമായി സഹകരിക്കും എന്ന നിലപാട് നേരത്തെ പറഞ്ഞതാണ്. സിപിഎം പറയുന്ന കാര്യങ്ങളാണ് പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സാക്ഷിയായിട്ടാണ് തനിക്ക് നോട്ടീസ് നല്‍കിയതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.