സര്‍ക്കാര്‍ സംവിധാനത്തെ വെല്ലുവിളിച്ച് നടത്തുന്ന ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധനം തുടരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭക്ഷ്യ വസ്തുക്കള്‍ എന്നിവയടക്കമുള്ളവയുടെ സുരക്ഷാ ഗുണനിലവാര പരിശോധന നടത്താന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടെന്നും ഇതിന് വേറൊരു സംഘടന വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ട്ടിഫിക്കറ്റുള്ള ഉത്പന്നങ്ങളെ നിരോധിച്ചത് തുടരും. എന്നാല്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം സമാന്തര ഭരണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്. അത് അംഗീകരിക്കാനാവില്ല.
ഭക്ഷണ വസ്തുക്കള്‍ക്കും ഹോട്ടലുകൾക്കും പുറമെ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ട്രാവല്‍ ടൂര്‍ ഓപ്പറേഷന്‍ തുടങ്ങി ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റേഷന്‍ കടന്നു വരികയാണ്. ഇതിന് പണം നല്‍കാത്തവരെ കരിമ്പട്ടകയില്‍ പെടുത്തിയ സംഭവങ്ങളും ധാരളമായി ഉണ്ടാകുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കയ്യും കെട്ടി നോക്കിയിരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ഹലാല്‍ ട്രസ്റ്റ് സിഇഒ നിയാസ് അഹമ്മദ് പറഞ്ഞു. ഇത് വ്യക്തികളുടെ സ്വാതന്ത്യത്തിൻ്റെ പ്രശ്‌നമാണെന്നും നിയാസ് പറഞ്ഞു.