രാജസ്ഥാനില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും

0

ഏറെ നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പിനുള്ള രാജസ്ഥാനിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. ബിജെപിക്കും കോണ്‍ഗ്രസിനും ജീവന്മരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്നതിനാല്‍ ആവനാഴിയിലെ മുഴുവന്‍ അമ്പുകളും എടുത്താണ് പോരാട്ടം.

200 മണ്ഡലങ്ങളിലേക്കാണ് പോളിംഗ് നടക്കുന്നത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. ഭരണം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ചെറിയ ഭൂരിപക്ഷമാണ് കോണ്‍ഗ്രസിൻ്റെ പ്രതീക്ഷ. എന്നാല്‍ 150ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഏത് വിധേനയും അധികാരത്തില്‍ തിരിച്ചെത്താനുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ നിര്‍ണായകമായി സ്വാധീനിക്കാന്‍ കഴിയുന്നതാണ് ഹിന്ദി ബെല്‍റ്റായ രാജസ്ഥാന്‍. ഇവിടെ തോറ്റാല്‍ അത് പാര്‍ടിയെ കാര്യമായി തളര്‍ത്തുമെന്ന് അവര്‍ക്കറിയാം. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരെല്ലാം പലകുറി രാജസ്ഥാനില്‍ എത്തിയിരുന്നു.

സച്ചിന്‍ പൈലറ്റ്- മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തര്‍ക്കവും ബിജെപിയുടെ പ്രതീക്ഷയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും അഴിമതിയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. പാര്‍ടിക്കകത്തെ പടലപ്പിണക്കങ്ങള്‍ ഇരു പാര്‍ടികള്‍ക്കും തലവേദനയാണ്. എന്നാല്‍ മോദി പ്രഭാവം കൊണ്ട് അതിനെ മറികടക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ഇന്ത്യ സഖ്യത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ.