ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കരിങ്കൊടി പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചവരെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്സാണെന്നതില്‍ സംശയമില്ലെന്നും സതീശന്‍.
സമാധാനമായി പ്രതിഷേധിക്കാന്‍ അവകാശമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ല. ഇതാണ് മുഖ്യമന്ത്രിയുടേയും പാര്‍ടി ക്രിമിനലുകളുടേയും നിലപാടെങ്കില്‍ കരിങ്കൊടിയുമായി യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ഇറങ്ങും. ഞങ്ങളുടെ പ്രതിഷേധവും സമാധാനപരമായിരിക്കും. ഞങ്ങളെ ആക്രമിക്കാന്‍ വരട്ടെ.
ബംഗാളിലെ സിപിഎമ്മിന്റെ അവസാന നാളുകളിലേക്ക് സിപിഎമ്മിനെ നയിക്കുകയാണ് പിണറായി വിജയന്‍. രാജാവിനെ സ്തുതിക്കുന്ന തലത്തിലേക്ക് പാര്‍ടി നേതാക്കള്‍ മാറി. മുഖ്യമന്ത്രി ഇരുന്ന കേസരയും ബസ്സും മ്യൂസിയത്തില്‍ വെക്കണെന്നും വിറ്റാല്‍ കോടികള്‍ കിട്ടുമെന്നും ഒക്കെയാണ് നേതാക്കള്‍ പറയുന്നത്.
നവകേരള സദസ്സില്‍ പൗരപ്രമുഖര്‍ക്ക് മാത്രമാണ് സ്ഥാനം. സാധാരണക്കാരുടെ ഒരു പ്രശ്‌നവും പരിഹരിക്കുന്നില്ല. താലൂക്ക് തല അദാലത്തുകളില്‍ വന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് ഇപ്പോഴും വരുന്നത്. പരാതി പരിഹരിക്കാനല്ല, മറിച്ച് അശ്ലീല നടപടിയുമായി മുന്നേറുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.