സാങ്കേതിക വികസനം ഓരോ സെക്കൻ്റിലും കുതിച്ചുയരുകയാണ് എന്നതില്‍ ആര്‍ക്കും സംശയം കാണില്ല. കമ്പ്യൂട്ടറുകളേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളേയും തന്നിലേക്ക് ഒതുക്കിയ മൊബൈല്‍ ഫോണുകള്‍ വിപ്ലവം തന്നെയാണ് നടത്തിയത്. ഇതോടെ മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി ലോകം.
ഇപ്പോള്‍ ഇതാ ലോകം കീഴടക്കാന്‍ എത്തുന്നു പുതിയ ഒരു ഉപകരണം. ഇനി മൊബൈലുകളുടെ സ്ഥാനത്ത് ലോകം കീഴടക്കാന്‍ എഐ പിന്‍ മതിയാകും. ഇപ്പോള്‍ മൊബൈലിലൂടെ ചെയ്യുന്ന എല്ലാത്തിനും ഇവൻ ഒറ്റക്ക് മതി. കൈവെള്ളയില്‍ പോലും വരുന്ന സ്‌ക്രീന്‍, ശബ്ദം കൊണ്ടും സ്പര്‍ശനം കൊണ്ടും എല്ലാം നിയന്ത്രിക്കാനാകും.
ഹുമൈന്‍ എന്ന കമ്പനിയാണ് എഐ പിന്‍ കണ്ടുപിടിത്തത്തിന് പിന്നില്‍. ഏത് ഭാഷയില്‍ നിങ്ങളോട് സംസാരിച്ചാലും നിങ്ങളുടെ ഭാഷയില്‍ കേള്‍ക്കാനും ഉത്തരം നല്‍കാനും കഴിയും എന്നത് ലോകത്ത് വന്‍ മാറ്റത്തിന് വഴിവെക്കും. ഇതോടെ ദ്വിഭാഷി എന്ന സങ്കല്‍പ്പം തന്നെ ഇല്ലാതാവും.
വളരെ ചെറിയ ചതുര ആകൃതിയിലുള്ള ഉപകരണത്തിന് നല്ല മികവുള്ള ചിത്രങ്ങളെടുക്കാനും പ്രൊജക്ടര്‍ പോലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. വെറും 34 ഗ്രാം മാത്രമാണ് ഭാരം എന്നത് ഉപയോഗിക്കാന്‍ സൗകര്യമാക്കും. നിങ്ങളുടെ വസ്ത്രത്തിലോ മറ്റോ ഘടിപ്പിക്കാന്‍ കഴിയുന്നതാണ് എഐ പിന്‍.