മറിയകുട്ടിക്കും അന്നക്കും പെന്‍ഷന്‍ തുക നല്‍കുമെന്ന് ചെന്നിത്തല

0

സിപിഎമ്മിൻ്റെ സൈബര്‍ ആക്രമണത്തിന് വിധേയയായ മറിയകുട്ടിയെയും അന്നയേയും സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പെന്‍ഷന്‍ ലഭിക്കും വരെ ഇരുവര്‍ക്കും 1600 രൂപ വീതം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു. ഇരുവര്‍ക്കും 1600 രൂപ വീതം നല്‍കിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ നടൻ സുരേഷ് ഗോപിയും പെൻഷൻ തുക വാഗ്ദാനം ചെയ്തിരുന്നു.

മാസങ്ങളായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇരുവരും പിച്ചച്ചട്ടിയുമായി ഭിക്ഷ യാചിച്ചിരുന്നു. ഇതോടെയാണ് സിപിഎം മുഖപത്രവും സിപിഎമ്മും ഇരുവര്‍ക്കും എതിരെ നുണപ്രചാരണവുമായി രംഗത്തിറങ്ങിയത്. ലക്ഷങ്ങളുടെ സ്വത്തുക്കള്‍ ഉണ്ടെന്നും മകള്‍ വിദേശത്താണെന്നും വാര്‍ത്തകള്‍ നിറഞ്ഞു. സഹികെട്ട മറിയകുട്ടി വില്ലേജ് ഓഫീസില്‍ തൻ്റെ ഭൂമി കണ്ടെത്തി തരണം എന്ന അപേക്ഷ നല്‍കി. മറിയകുട്ടിക്ക് വില്ലേജ് പരിധിയില്‍ സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ മറുപടി നല്‍കി.

ഇരുവര്‍ക്കും എതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ഇതേ തുടര്‍ന്ന് സിപിഎം മുഖപത്രം മാപ്പ് പറഞ്ഞു. തെറ്റായ വാര്‍ത്തയാണ് നല്‍കിയത് എന്ന് പറഞ്ഞു. എന്നാല്‍ വാര്‍ത്തയ്‌ക്കെതിരെ മറിയകുട്ടി കോടതിയില്‍ പോയിരിക്കുകയാണ്.