കൊലപാതക കേസില്‍ വാദം നടക്കുന്നതിനിടെ മരിച്ചെന്ന് കരുതിയ 11കാരന്‍ സുപ്രിംകോടതിയില്‍. 11 കാരനെ കൊലപ്പെടുത്തിയ കേസിലായിരുന്നു വാദം.
ഉത്തര്‍പ്രദേശിലെ പിലിബിറ്റ് ജില്ലയിലെ ന്യൂറിയ പൊലീസ് സ്റ്റേഷനിലാണ് കേസ് . 11 കാരനെ കുട്ടിയുടെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് കാണിച്ച് കുട്ടിയുടെ അച്ഛനാണ് കേസ് കൊടുത്തത്.
2010 ഫെബ്രുവരിയിലായിരുന്നു കുട്ടിയുടെ അച്ഛനമ്മമാരുടെ വിവാഹം. അതിന് ശേഷം സ്ത്രീധനം കൂടുതല്‍ ചോദിച്ച് അമ്മയെ അച്ഛന്‍ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും മര്‍ദനം തുടര്‍ന്നു. ഇതിനിടയില്‍ ഈ സ്ത്രീ മരിച്ചു. മരിക്കുമ്പോഴും ശരീരമാകെ മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടി അമ്മയുടെ അച്ഛനൊപ്പമാണ് താമസിച്ചത്. മരുമകനെതിരെ സ്ത്രീധന പീഡന നിരോധന പ്രകാരം മുത്തച്ഛന്‍ കേസ് കൊടുത്തു. കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് അച്ഛനും കേസ് കൊടുത്തു. പിന്നീട് ഇരുകൂട്ടരും പരസ്പരം കേസുകള്‍ കൊടുത്തു.
ഇതിനിടയിലാണ് കുട്ടിയെ മുത്തച്ഛനും നാല് ആണ്‍മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കാണിച്ച അച്ഛന്‍ കേസ് കൊടുത്തത്. പൊലീസ് ഐപിസി 302, 504, 506 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ മുത്തച്ഛനും മക്കളും അലഹബാദ് ഹൈക്കോടതിയില്‍ പോയെങ്കിലും സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് 11 കാരനുമായി ഇവര്‍ സുപ്രീംകോടതിയില്‍ എത്തിയത്.
വിഷയം ഗൗരവമായി എടുത്ത കോടതി യുപി സര്‍ക്കാരിനും ജില്ലാ പൊലീസ് സൂപ്രണ്ടിനും ന്യൂറിയ പൊലീസ് എസ്എച്ച്ഒക്കും നോട്ടീസ് അയച്ചു. കോടതി ഉത്തരവ് ഉണ്ടാകും വരെ പരാതിക്കാര്‍ക്കെതിരെ ഒരു നടപടി എടുക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കി.