ചേലക്കരയുടെ ആവേശമായ തലമപ്പന്തുകളി 13 ന് വൈകീട്ട് 3 ന് ചേലക്കര എസ്.എം.ടി സ്കൂൾ മൈതാനത്ത് നടക്കും. കളിക്കാരെയും കാണികളെയും ഒരേ പോലെ ആവേശത്തിലാക്കുന്ന തലമപ്പന്തുകളി ചേലക്കരയ്ക്കു മാത്രം അവകാശപ്പെട്ടത്.
ലോക ശ്രദ്ധ നേടിയ ഇക്കളി ഓണക്കാലത്താണ് നടക്കാറ്. ചേലക്കരയുടെ ചുറ്റുവട്ടത്തുള്ളവരാണ് കളിക്കിറങ്ങുക. അന്യം നിന്ന തലമപ്പന്തുകളിയെ കേരളത്തിൻ്റെ തനതു കളികളിലൊന്നായി ഉയർത്തിക്കൊണ്ടു വരുന്ന കാര്യത്തിൽ മന്ത്രി ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. വൃത്തിയാക്കിയ ചകിരി വരിഞ്ഞു കെട്ടി മൃഗത്തോലിൽ തുന്നിയാണ് കളിക്കാനുള്ള പന്തുണ്ടാക്കുന്നത്.
തലമപ്പന്തുകളിയിൽ ഒരേ സമയം കൈകൾ കൊണ്ട് പിടിച്ചും കാലുകൾ കൊണ്ട് അടിച്ചും കളിക്കാം. മൈതാനത്തിൻ്റെ രണ്ടറ്റത്തും പരസ്പരം അഭിമുഖമായി മുൻ നിരയിൽ 4 പേരും പിൻ നിരയിൽ 3 പേരുമായി 7 കളിക്കാർ വീതം അണിനിരക്കും. ഫുട്ബോൾ ഗ്രൗണ്ടിൻ്റെ വലിപ്പത്തിലുള്ളതാണ് കളിക്കളം. മൈതാനത്തിൻ്റെ ഒരറ്റത്ത് കമ്പോ കോലോ കൊണ്ട് കുത്തി നിർത്തിയ പട്ടമാണ് കളിയുടെ തീർപ്പു ഘടകം.
ഫൈനൽ മത്സരം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കെ. പത്മജ അധ്യക്ഷയാകും.