വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി പുഴക്കല്‍ മുതല്‍ ഏനാമാവ് റെഗുലേറ്റര്‍ വരെയുള്ള കനാലിൻ്റെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉത്തരവിറക്കി. തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ പൂങ്കുന്നം, അയ്യന്തോള്‍, പുതൂര്‍ക്കര ഡിവിഷനുകളിലെ തോടുകളിലെയും ചാലുകളിലെയും ഒഴുക്ക് തടസ്സപ്പെട്ട് വീടുകളില്‍ വെള്ളം കയറിയിരുന്നു.
പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപ്പെട്ട് പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് കനാലുകളിലെ വിവിധ ഇടങ്ങളില്‍ ചണ്ടിയും കുളവാഴയും പടര്‍ന്നു കിടക്കുന്നത് വെള്ളക്കെട്ടിന് കാരണമാകുന്നതായി കണ്ടെത്തിയത്.
പാടശേഖരങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പുഴയ്ക്കല്‍ മുതല്‍ ഏനാമാവ് റെഗുലേറ്റര്‍ വരെ നീണ്ടു കിടക്കുന്ന കനാലുകള്‍, ചാലുകള്‍, പഞ്ചിക്കല്‍ തോടിലെ സ്ലൂയിസ്സിൻ്റെ മുന്‍വശവും, പുഴയ്ക്കല്‍ പാലം, കുറിഞ്ഞാക്കല്‍ പാലം, പുല്ലഴി വലിയ പാലം, പുല്ലഴി ചെറിയ പാലം തുടങ്ങിയവയുടെ സമീപത്തും ബണ്ടുകളുടെ ഇരുവശങ്ങളിലെയും കുളവാഴ, ചണ്ടി, കരിവാരി നീക്കം ചെയ്തിട്ടുണ്ടെന്ന് മേജര്‍ ഇറിഗേഷന്‍ വിഭാഗം ഉറപ്പുവരുത്തണം. വെള്ളത്തിൻ്റെ ഒഴുക്ക് കുറവായത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഏനാമാവ് റെഗുലേറ്ററിലൂടെ ആവശ്യത്തിന് നീരൊഴുക്ക് ഉണ്ടാകുന്നതിന് ബണ്ട് വീതിയും ആഴവും വര്‍ധിപ്പിച്ച് ഉപ്പുവെള്ളം തിരികെ കയറുന്നില്ലന്ന് ഉറപ്പാക്കി സമയബന്ധിതമായി ബണ്ട് പുനസ്ഥാപിക്കാനും മേജര്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
പെരുമ്പുഴ തോട് പുഴയ്ക്കല്‍ തോടിലേയ്ക്ക് പ്രവേശിച്ച് ഏനാമാക്കല്‍ റെഗുലേറ്ററിലെത്തുന്നതു വരെയുള്ള പ്രദേശത്തെ ഒഴുക്ക് കുറവായതിനാല്‍ ഒഴുക്ക് കൂട്ടുന്നതിനായി വശങ്ങള്‍ വൃത്തിയാക്കണം. ഒഴുക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും മേജര്‍ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
പഞ്ചിക്കല്‍ തോടിലെ കുളവാഴയും ചണ്ടിയുമുള്‍പ്പെടെയുള്ള സസ്യജാലങ്ങളും മറ്റു മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യുന്നതിന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി നടപടി സ്വീകരിക്കണം. സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് മലിനജലം ഒഴുക്കിവിടുന്നില്ലായെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ – എഞ്ചിനീയറിങ്ങ് വിഭാഗങ്ങളുടെ സഹകരണത്തോടെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി ഉറപ്പുവരുത്തണം.
പഞ്ചിക്കല്‍ തോടില്‍ നിന്നും ചപ്പാത്ത് വഴി കുറിഞ്ഞാക്കല്‍ തോടിലൂടെ പുഴയ്ക്കല്‍ തോടിലേയ്ക്ക് വെള്ളം ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്ന മണ്‍തിട്ട പൊതുജനങ്ങള്‍ക്കും പാടശേഖരങ്ങള്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തവിധം നീക്കം ചെയ്യണം. കുറിഞ്ഞാക്കല്‍ തോട് അടിയന്തരമായി വൃത്തിയാക്കി തോട്ടിലൂടെയുള്ള വെള്ളത്തിൻ്റെ ഒഴുക്ക് സുഗമമാക്കുന്നതിന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി നടപടി സ്വീകരിക്കണം. പുല്ലഴി വലിയപാലം മുതല്‍ 51 തറ വരെയുള്ള തടസ്സങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉത്തരവിറക്കി.