പഞ്ചാബിലെ വയലുകളില്‍ നിലം ഒരുക്കുന്നതിൻ്റെ ഭാഗമായുള്ള തീയിടല്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് പഞ്ചാബ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി കത്തയച്ചത്.
വയലുകളില്‍ തീയിടുന്നതിനല്‍ 93 ശതമാനവും പഞ്ചാബിലാണെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയിലെ അതി ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമാകുന്നതും വയലുകളില്‍ നിയന്ത്രണം ഇല്ലാതെ തീയിടുന്നതാണ്. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം കത്തയച്ചത്.
സംസ്ഥാനം ഫലപ്രദമായ നടപടി സ്വീകരിക്കണം. ഇത് ഉറപ്പുവരുത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരും, പൊലീസ് അധികാരികളും മുന്നിട്ടിറങ്ങണം. എയര്‍ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷന്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകളെ അയച്ച് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തുമെന്നും കാബിനറ്റ് സെക്രട്ടറി അറിയിച്ചു.