തമിഴ്‌നാട്, പുതുശ്ശേരി എന്നിവിടങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ. ചെന്നൈയില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ പിടിയിലാണ്. വ്യാജ ആധാര്‍ കാര്‍ഡ് സഹിതമാണ് ഇവര്‍ പിടിയിലായത്.
ഷഹാബുദീന്‍, മുന്ന, മിയാന്‍ എന്നീ ബംഗ്ലാദേശുകാരാണ് വ്യാജ ആധാര്‍ കാര്‍ഡിൻ്റെ മറവില്‍ താമസിച്ചിരുന്നത്. ത്രീപുരയിലെ മേല്‍വിലാസത്തിലായിരുന്നു ആധാര്‍ കാര്‍ഡുകള്‍. നിരോധിക്കപ്പെട്ട സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.
ചെന്നൈയില്‍ മൂന്നിടങ്ങളിലായിരുന്നു എന്‍ഐഎ പരിശോധന. പുതുശ്ശേരിയിലെ പരിശോധന തുടരുകയാണ്. ബംഗ്ലാദേശില്‍ നിന്നും ഭീകരരെ ഇന്ത്യയില്‍ എത്തിക്കുന്നതിന് വിപുലമായ നെറ്റ്വര്‍ക്ക് ഉണ്ടെന്ന വിവരമുണ്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് എന്‍ഐഎ.