ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി, പഞ്ചാബ് വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ഇതിൻ്റെ ഭാഗമായി നവംബര്‍ 19ന് ഇവിടങ്ങളില്‍ സന്ദര്‍ശക പാസ് അനുവദിക്കരുതെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) നിര്‍ദേശിച്ചു. നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സിക്കുകാര്‍ യാത്ര ചെയ്യരുതെന്ന സിക്ക് ഭീകരന്‍ ഗുര്‍പത് വന്ദ് സിംങ് പന്നുന്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശം.
നവംബര്‍ ആറിനാണ് ബിസിഎഎസ് നിര്‍ദേശം നല്‍കിയത്. നിര്‍ദേശ പ്രകാരം വിമാനത്താവളത്തിലേക്കുള്ള താല്‍ക്കാലിക പ്രവേശന പാസ്സും സന്ദര്‍ശകര്‍ക്കുള്ള പാസ്സുകളും 19ന് നിര്‍ത്തിവെക്കണം. ഇതിൻ്റെ അടിസ്ഥാനത്തില്‍ ഈ മാസം മുഴുവന്‍ സന്ദര്‍ശക പാസ്സുകള്‍ നിരോധിച്ചിരിക്കുകയാണ് ഡൽഹി വിമാനത്താവളം.
പരിശോധന കഴിഞ്ഞെത്തുന്ന ബഗേജുകള്‍ വിമാനത്തില്‍ എത്തുന്നതിന് മുന്‍പ് വീണ്ടും പരിശോധിക്കാന്‍ പഞ്ചാബ് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനഡയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ബഗേജ് പരിശോധന കൂടുതല്‍ ശക്തമാക്കണമെന്ന നിര്‍ദേശവും ഇന്ത്യ നല്‍കി.