ബിഹാറില്‍ ജാതി സംവരണം 65 ശതമാനമാക്കാന്‍ നിതീഷ്‌കുമാര്‍

0

ബിഹാറില്‍ ജാതി സംവരണം 65 ശതമാനമാക്കി ഉയര്‍ത്താനുള്ള പദ്ധതിയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ തോത് ഉയര്‍ത്താനാണ് നിതീഷിൻ്റെ ലക്ഷ്യം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം സംവരണം കൂടിയാകുമ്പോള്‍ ബിഹാറില്‍ ആകെ സംവരണം 75 ശതമാനമായി ഉയരും.

പട്ടികജാതി പട്ടിക വര്‍ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍, അതി പിന്നോക്ക വിഭാഗക്കാര്‍  എന്നിവർക്കുള്ള സംവരണം 65 ശതമാനമാക്കി ഉയര്‍ത്താനുള്ള പ്രഖ്യാപനം നടത്തുകയാണ് നിതീഷ്. വരുന്ന ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഈ നീക്കം. നേരത്തെ ജാതി സര്‍വേ നടത്തിയും നിതീഷ് വലിയ വിഭാഗം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയിരുന്നു.

സംവരണം 50 ശതമാനത്തില്‍ കവിയരുത് എന്ന് 1992ല്‍ സുപ്രീംകോടതി വിധി ഉണ്ട്. അതുകൊണ്ട് തന്നെ പ്രഖ്യാപനം നടത്തിയാലും അത്ര പെട്ടെന്ന് ഇത് നടപ്പാക്കാന്‍ ആവില്ലെന്ന് നിതീഷിനറിയാം. അതിനാല്‍ ഇതിനായി ശ്രമിക്കും എന്നാണ് നിതീഷ് പ്രഖ്യാപിച്ചിട്ടുള്ളത്.