ഉത്സവ സീസണിലെ പടക്ക നിയന്ത്രണം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി. വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവുകള്‍ പാലിക്കാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടണം എന്ന ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ഡല്‍ഹിക്ക് മാത്രമായല്ല നേരത്തെ പടക്ക നിയന്ത്രണ ഉത്തരവ് ഇറക്കിയത്. പടക്കങ്ങളില്‍ ബേരിയം, നിരോധിത രാസ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കരുത് എന്ന ഉത്തരവ് രാജ്യത്തിന് മൊത്തം ബാധകമാണ്. ഇതില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങൾ ഒന്നും ആവശ്യമില്ല. നിര്‍ദേശവും മുന്‍ ഉത്തരവുകളും രാജസ്ഥാന്‍ ശ്രദ്ധിക്കുകയും നടപ്പാക്കുകയും വേണം. ജസ്റ്റീസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.