വെടിക്കെട്ട് നിരോധനത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി രാധാകൃഷ്ണന്‍

0

വെടിക്കെട്ട് ക്ഷേത്രങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ആചാരമാണെന്നും ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. ആരാധനാലയങ്ങളില്‍ അസമയത്ത് നടക്കുന്ന വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.

ഓരോ ക്ഷേത്രങ്ങളിലും പൂജകള്‍ക്ക് ഉള്ളതു പോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയില്‍ വെടിക്കെട്ട് പുനഃസ്ഥാപിക്കണം. ഹൈക്കോടതി പറഞ്ഞ അസമയം ഏതെന്ന് അറിയില്ല. നടപടികള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്ന് ഉത്തരവില്‍ ഹൈക്കോടതി പറഞ്ഞിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ല. ആരാധനാലയങ്ങളില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചിട്ടുള്ള വെടിമരുന്ന് പിടിച്ചെടുക്കണമെന്നും കലക്ടര്‍മാര്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.