സിപിഎമ്മിനെ എങ്ങനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് പട്ടി പരാമര്‍ശം വളച്ചൊടിച്ചതെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. തൻ്റെ വാക്കുകള്‍ മുസ്ലീംലീഗിനെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ചിലരുടെ ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.
മുസ്ലീം ലീഗ് എംപിയായ ഇ ടി മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട ഒരു ചോദ്യം മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. അറിയാത്ത വിഷയമാണെന്നും മറുപടി പറയാന്‍ താന്‍ ആളല്ലെന്നും പറഞ്ഞു. ഇതേ ചോദ്യം തന്നെ ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്‍പ്പികമായ സാഹചര്യം മുന്‍നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്‍കാന്‍ സാധിക്കും. ഈ ആശയമാണ് അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഈ ജന്മത്തില്‍ കുരക്കണോയെന്ന് തമാശ രൂപേണ പ്രതികരിച്ചത്.
ഇതോടെ താന്‍ പറഞ്ഞത് ലീഗിനെതിരാണ് എന്ന പ്രചാരണം തുടങ്ങി. സിപിഎമ്മിനെ വെള്ളപൂശാന്‍ നടക്കുന്ന ചില കൂലി എഴുത്തുകാരാണ് വിവാദം ഉണ്ടാക്കിയത്. കോണ്‍ഗ്രസിനേയും ലീഗിനേയും തകര്‍ക്കാമെന്നത് മലര്‍പ്പൊടിക്കാരൻ്റെ സ്വപ്‌നം മാത്രമാണ്. പി കെ കുഞ്ഞാലിക്കുട്ടിയുമായും ഇ ടി മുഹമ്മദ് ഷീറുമായും താന്‍ സംസാരിച്ചിരുന്നു.
അഞ്ച് പതീറ്റാണ്ടോളം നീണ്ട ബന്ധമാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത്. ലീഗ് നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് താന്‍. തൻ്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായ ബോധ്യം ലീഗ് നേതൃത്വത്തിന് ഉണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.