HomeIndiaഒരു ശുചിമുറി പോലും ഇല്ലാത്ത സ്‌കൂള്‍; വലഞ്ഞ് 700 പെണ്‍കുട്ടികള്‍

ഒരു ശുചിമുറി പോലും ഇല്ലാത്ത സ്‌കൂള്‍; വലഞ്ഞ് 700 പെണ്‍കുട്ടികള്‍

ഒരു ശുചി മുറി പോലും ഇല്ലാതെയാണ് കഴിഞ്ഞ ആറ് മാസമായി ഈ സര്‍ക്കാര്‍ ഹയര്‍ സെക്കൻ്ററി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് എങ്ങനെ വിശ്വസിക്കും. അതും 700 ലധികം പെണ്‍കുട്ടികള്‍ ഉള്ള സ്‌കൂള്‍. ആയിരത്തി ഒരുനൂറിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

ഇന്ത്യയില്‍ ഇതും സാധ്യമാണ്. ഝാര്‍ഖണ്ട് സംസ്ഥാനത്തെ ചത്ര ജില്ലയിലാണ് ഈ കാലഘട്ടത്തില്‍ ചിന്തിക്കാന്‍ പോലും ആവാത്ത അവസ്ഥ ഉള്ളത്. മയൂര്‍ഹുണ്ട് ബ്ലോക്ക് ആസ്ഥാനത്ത് നിന്ന് ഏറെ അകലെയല്ലാത്ത പ്രദേശത്താണ് സ്വാമി വിവേകാനന്ദ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഏക്കറിലധികം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളിന് ശുചിമുറി ഇല്ലെങ്കിലും സ്റ്റേഡിയം സ്വന്തമായുണ്ട്.

ആറുമാസം മുന്‍പാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സ്‌കൂള്‍ അതില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പക്ഷേ കോണ്‍ട്രാക്ടര്‍ ശുചിമുറി ഒന്നു പോലും പണിതില്ല. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് നടപടി എടുക്കേണ്ടവര്‍ ഇതൊന്നും ശ്രദ്ധിച്ചു പോലുമില്ല.
ഇതോടെയാണ് പെണ്‍കുട്ടികള്‍ ഭക്ഷണവും വെള്ളവും പേരിന് മാത്രം കഴിച്ച് സ്‌കൂള്‍ സമയത്ത് കഴിയേണ്ടി വന്നത്.

ഇവിടുള്ള 20 അധ്യാപകരില്‍ മൂന്ന് പേര്‍ വനിതകളാണ്. കൂടാതെ രണ്ട് വനിതാ അനധ്യാപകരുമുണ്ട്. ഇവരെല്ലാവരും പേടിയോടെയാണ് പകല്‍ സമയം കഴിച്ചു കൂട്ടുന്നത്. ആര്‍ത്തവം അടക്കമുള്ള ദിവസങ്ങളില്‍ പലരും ഇപ്പോള്‍ സ്‌കൂളില്‍ പോകാറില്ല.

സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി കെ രവികുമാര്‍ പറഞ്ഞു. സ്‌കൂളില്‍ അടിയന്തരമായി ശുചിമുറികള്‍ ഒരുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ദിനേഷ് കുമാര്‍ മിശ്ര അറിയിച്ചു. നിർമാണം പുരോഗമിക്കുകയാണ്. എന്നാല്‍ താല്‍ക്കാലിക സംവിധാനം ഒരുക്കുമോ എന്നതില്‍ വ്യക്തമായ ഉത്തരം അദ്ദേഹവും നല്‍കിയില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Most Popular

Recent Comments