സിക്ക വൈറസിനെതിരെ അതി ജാഗ്രതാ നിര്‍ദേശവുമായി കര്‍ണാടക. കൊതുകില്‍ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്.
ചിക്കബല്ലാപ്പൂര്‍ ജില്ലയില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് കൊതുകുകളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചത്. സിദ്‌ലഗട്ട താലൂക്കിലെ തലകയലബേട്ട വില്ലേജില്‍ സെപ്തംബര്‍ 25നാണ് പരിശോധന നടത്തിയതും കൊതുകുകളെ ശേഖരിച്ചതും. സംസ്ഥാനത്ത് അടുത്തിടെ പലരിലും സിക്ക വൈറസ് രോഗബാധ മൂലമുള്ള ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.
ചിക്കബല്ലാപ്പൂര്‍ ജില്ലയില്‍ നിന്നും ദിനംപ്രതി ആയിരങ്ങളാണ് തലസ്ഥാന ജില്ലയായ ബംഗളുരു അടക്കമുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതിനാല്‍ സിക്ക വൈറസിൻ്റെ വ്യാപനം അതിവേഗം ഉണ്ടാകാനുള്ള സാധ്യത ആരോഗ്യ വകുപ്പ് കാണുന്നു. ഈ സാഹചര്യത്തില്‍ മതിയായ സുരക്ഷാ മുന്‍കരുതല്‍ എടുക്കണമെന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവനായും അതി ജാഗ്രത നിര്‍ദേശം നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.