കേരളീയം എന്ന പേരില്‍ നടത്തുന്നത് സംസ്ഥാന സര്‍ക്കാരിൻ്റെ ധൂര്‍ത്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പരിപാടിയില്‍ ജനസാന്നിധ്യം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ ഇറക്കുന്നത് അധികാര ദുര്‍വ്യയമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വിദ്യാലയങ്ങളില്‍ ഉച്ചക്കഞ്ഞി കൊടുക്കാന്‍ പോലും പണമില്ലാത്ത സര്‍ക്കാരാണ് 27 കോടി രൂപ പൊടിച്ച് കേരളീയം നടത്തുന്നത്. പെന്‍ഷനും ശമ്പളവും പലപ്പോഴും മുടങ്ങുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഒപ്പിട്ട് ഓഫീസില്‍ നിന്ന് പുറത്തു പോകുന്നത് ജനങ്ങളെ വലയ്ക്കും.
ജനങ്ങള്‍ പട്ടിണി കിടന്നാലും തനിക്ക് പ്രശസ്തി കിട്ടിയാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. നെല്‍കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിൻ്റെ വില നല്‍കിയിട്ടില്ല. അധ്യാപകര്‍ക്ക് ഡിഎ ഇല്ല. സംസ്ഥാന വിഹിതം നല്‍കാത്തതിനാല്‍ കേന്ദ്ര പദ്ധതികള്‍ മുടങ്ങി. തീവെട്ടക്കൊള്ളയില്‍ മാത്രമാണ് സര്‍ക്കാരിന് താല്‍പ്പര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.