മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ നിന്ന്
ദേശീയ പ്രസ്ഥാനത്തിൻ്റേയും നവോത്ഥാന പ്രസ്ഥാനത്തിൻ്റേയും ആശയങ്ങള്‍ തീര്‍ത്ത അടിത്തറയിലാണ് ആധുനിക കേരളത്തെ പടുത്തുയര്‍ത്തിയത്. എന്നാല്‍ പുതിയ സഹസ്രാബ്ദം സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് കൂടുതല്‍ വികസിത സമൂഹമായി കേരളം വളരേണ്ട ഘട്ടമാണിത്. ആ ബോധ്യമുള്‍ക്കൊണ്ട് ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാന്‍ ജാതിമതഭേദ ചിന്തകള്‍ക്ക് അതീതമായ ഒരുമയോടു കൂടി മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം.
ആ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരും വിധം നമ്മുടെ നാടിനെ അതിൻ്റെ സമസ്ത നേട്ടങ്ങളോടും കൂടി ലോകത്തിൻ്റെയാകെ മുന്നില്‍ അവതരിപ്പിക്കാനുള്ള വലിയ ഒരു ശ്രമം കേരളപ്പിറവി ദിനം മുതല്‍ ഏഴ് ദിവസങ്ങളിലായി കേരളീയം എന്ന പേരില്‍ സംഘടിപ്പിക്കുകയാണ്. കേരളീയതയുടെ ആഘോഷമാണിത്. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും നേട്ടങ്ങളിലും അഭിമാനം കൊള്ളുന്ന ജനതയുടെ സര്‍ഗാത്മകതയുടെ ആവിഷ്‌കാരം കൂടിയാണ് കേരളീയം. ജനമനസ്സുകളുടെ ഒരുമ ആവര്‍ത്തിച്ചുറപ്പിച്ചുകൊണ്ട് കേരളത്തെ പുതിയ കാലത്തിലൂടെ നമുക്ക് വഴി നടത്താം. എല്ലാ കേരളീയര്‍ക്കും കേരളപ്പിറവി ആശംസകള്‍.