മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് നാടിന് സമർപ്പിച്ചു
രജിസ്ട്രേഷൻ നടത്തുന്നതിനൊപ്പം ആധാരങ്ങൾ പോക്കുവരവ് ചെയ്യുന്നതിനും സൗകര്യമൊരുക്കുമെന്ന് രജിസ്ട്രേഷൻ, സഹകരണ മന്ത്രി വി എൻ വാസവൻ. മുണ്ടൂരിലെ പുതിയ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
രജിസ്ട്രേഷൻ നടത്തുന്ന ആധാരങ്ങൾ പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് വീണ്ടും ഓഫീസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയുണ്ട്. രജിസ്ട്രേഷൻ വകുപ്പും റവന്യൂ വകുപ്പുമായി സഹകരിച്ച് രജിസ്ട്രേഷൻ ചെയ്യുന്നതിനൊപ്പം പോക്ക് വരവ് ചെയ്യുന്നതിനും സൗകര്യം ഒരുക്കും. ആധുനികവൽക്കരണത്തിലൂടെ രജിസ്ട്രാർ ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈനായി വേഗത്തിൽ എല്ലാവരിലേക്കും എത്തിക്കുകയാണ്. മുന്നാധാരങ്ങൾ എല്ലാം തന്നെ ഡിജിറ്റൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഓരോ ഓഫീസും ജനസൗഹൃദവും ഈ ഗവേണൻസ് രീതിയിലേക്കും മാറിക്കഴിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
117 വർഷം പഴക്കമുള്ള മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ ഓഫീസ് കെട്ടിടം പണിതത്. 8540 ചതുരശ്ര അടി വിസ്തീർണത്തിൽ ആണ് അത്യാധുനിക സൗകര്യങ്ങളുടെയുള്ള പുതിയ കെട്ടിടം. ഓഫീസ് റൂം, സബ് രജിസ്ട്രാർ റൂം, ഓഡിറ്റ് റൂം, പബ്ലിക് വെയ്റ്റിംഗ് റൂം, പാർക്കിംഗ് ഷെഡ്, ഭിന്നശേഷി സൗഹൃദ ബാത്റൂം ഉൾപ്പെടെ അഞ്ചു ടോയ്‌ലറ്റുകൾ, റാപ്പ് വരാന്ത, മഴവെള്ള സംഭരണി, വോളിയം ലിഫ്റ്റ് റൂം, കോമ്പാറ്റ് സിസ്റ്റം ഒരുക്കുന്നതിനുള്ള സൗകര്യം ഉൾപ്പെടെയുള്ള റെക്കോർഡ് റൂം എന്നിവ ഉൾപ്പെടുന്നതാണ് 1.29 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം.
തൃശ്ശൂർ ജില്ലയിലെ ഏറ്റവും കൂടുതൽ ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളിൽ ഒന്നാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ്. ആറ് ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 15 വില്ലേജുകളിലെ ജനങ്ങളാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് സേവനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ അധ്യക്ഷനായി.