HomeKeralaകലോത്സവ വിജയം മാത്രം ലക്ഷ്യം വച്ചുള്ള കലാപഠനം മലയാളിയുടെ ശാപം: പല്ലവി കൃഷ്ണൻ

കലോത്സവ വിജയം മാത്രം ലക്ഷ്യം വച്ചുള്ള കലാപഠനം മലയാളിയുടെ ശാപം: പല്ലവി കൃഷ്ണൻ

മലയാളികൾ പ്രതിഭയുള്ളവരാണെന്നും എന്നാൽ കലോത്സവ വിജയം മാത്രം ലക്ഷ്യം വച്ചുള്ള കലാപഠനം എന്ന ശീലം മലയാളികൾ മാറ്റേണ്ടതാണെന്നും പ്രസിദ്ധ മോഹിനിയാട്ടം നർത്തകി ശ്രീമതി പല്ലവി കൃഷ്ണൻ. ഭാരതീയ വിദ്യാഭവൻ വിദ്യാലയങ്ങളുടെ സംസ്ഥാന തല കലോത്‌സവം “രജതമയൂഖം” തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

അർപ്പണബോധത്തോടെ കലയെ സമീപിച്ചാൽ പ്രതിഭാധനരായ കലാകാരന്മാർ  കേരളത്തിൽ ഉണ്ടാകും. ഇതിനായാണ് ശ്രമിക്കേണ്ടതെന്നും പല്ലവി കൃഷ്ണൻ പറഞ്ഞു.

വൈവിധ്യത്തിലെ ഏകത കാത്തുസൂക്ഷിച്ചുള്ള വിദ്യാർത്ഥിയുടെ  സമ്പൂർണ വികസനമാണ് ഭാരതീയ വിദ്യാഭവനെ പോലെയുള്ള സ്ഥാപനങ്ങൾ മുന്നോട്ടു വെക്കുന്ന വിദ്യാഭ്യാസ സങ്കല്പം. മറ്റെന്തിനുമുപരി ഒരു സമൂഹജീവിയായി വിദ്യാർത്ഥി മാറണം. അതുകൊണ്ടു തന്നെ വിദ്യാലയത്തിനു പുറത്തേക്ക് വിദ്യാഭ്യാസം സംക്രമിക്കണം എന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിദ്യാഭവൻ തൃശ്ശൂർ കേന്ദ്രം സെക്രട്ടറി കെ പി രാധാകൃഷ്ണൻ പറഞ്ഞു.

തോൽവിയും ജയത്തിൻ്റെ ഭാഗമാണെന്നും തോൽവിയെ കുട്ടികൾ മാനസിക പക്വതയോടെ നേരിടണമെന്നും ഗൈനക്കോളജിസ്റ്റ് ഡോ. ദീപ്തി എം പറഞ്ഞു. തോൽവിയെ നേരിടാൻ ഭയക്കുന്നവരാണ് ഭാവിയിൽ ലഹരിക്കടിമയാകുന്നത് എന്നും അവർ പറഞ്ഞു.

ഭാരതീയ വിദ്യാഭവൻ തൃശ്ശൂർ കേന്ദ്രം ചെയർമാൻ പട്ടാഭിരാമൻ അധ്യക്ഷനായി. കൊച്ചി കേന്ദ്രം ഡയറക്ടർ ഇ രാമൻകുട്ടി, തൃശ്ശൂർ കേന്ദ്രം വൈസ് ചെയർമാൻ എൻ വേണു ഗോപാൽ, കെ എം ബി  വി എം പ്രിൻസിപ്പൽ ഡോ വി ബിന്ദു എന്നിവർ സംസാരിച്ചു. പൂച്ചട്ടി സ്കൂൾ പ്രിൻസിപ്പൽ ചിത്ര എസ് നായർ സ്വാഗതവും അദ്ധ്യാപിക ജ്യോതിശ്രീ നന്ദിയും പറഞ്ഞു.

Most Popular

Recent Comments