പ്രതിപക്ഷത്തിനും മമത ബാനര്‍ജിക്കും കനത്ത തിരിച്ചടിയായി ബംഗാളില്‍ ഒരു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു. വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് ആണ് അറസ്റ്റിലായത്.
റേഷന്‍ വിതരണ അഴിമതി കേസില്‍ ഇന്നലെ ഇഡി വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വനം മന്ത്രിയായ ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മമത മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രി ആയിരിക്കെ ജ്യോതിപ്രിയ അഴിമതി നടത്തിയെന്നാണ് കേസ്. റേഷന്‍ വിതരണത്തില്‍ വന്‍ അഴിമതി നടത്തിയെന്നും സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നുമാണ് കേസ്. ന്യായവില കടകള്‍ വഴി വിതരണം നടത്താനിരുന്ന ഗോതമ്പ് ഉയര്‍ന്ന വിലയ്ക്ക് പുറത്തുള്ള വിപണിയില്‍ വിറ്റെന്നാണ് മന്ത്രിക്കെതിരെയുള്ള ആരോപണം.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലുള്ള ജ്യോതിപ്രിയയുടെ രണ്ട് ഫ്‌ലാറ്റുകളില്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്‍ ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു. രാവിലെ ആരംഭിച്ച റെയ്ഡ് ഏറെ വൈകിയാണ് സമാപിച്ചത്. ഈ കേസില്‍ പ്രതിയായ ബാകിബുര്‍ റഹ്‌മാനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മന്ത്രിയുടെ പങ്ക് പുറത്ത് വരുന്നത്.
എന്നാല്‍ താന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണെന്ന് മന്ത്രി ജ്യോതിപ്രിയ പറഞ്ഞു.