ഗഗന്‍യാന്‍ വിക്ഷേപണം ഇന്ന് തന്നെ

0

സാങ്കേതിക പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന ഗഗന്‍യാന്‍ വിക്ഷേപണത്തില്‍ മാറ്റമില്ലെന്ന് ഐഎസ്ആര്‍ഒ. ഇന്ന് വിക്ഷേപിക്കും എന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

പരിശോധനയില്‍ ഓട്ടമറ്റിക്ക് ലോഞ്ച് കണ്‍ട്രോൾ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ലോഞ്ചിംഗ് മാറ്റേണ്ടി വരുമെന്ന സംശയം ഉയര്‍ന്നത്. വിക്ഷേപണത്തിന് ഏതാണ്ട് അഞ്ച് സെക്കന്റ് മുമ്പ് മാത്രമാണ് വിക്ഷേപണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്.

രാവിലെ എട്ടിന് നടത്താന്‍ തീരുമാനിച്ചിരുന്ന വിക്ഷേപണം കാലാവസ്ഥ അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് 8.45ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്‌നം കണ്ടതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റാന്‍ തീരുമാനിച്ചു. പക്ഷേ പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്നാണ് വിക്ഷേപണം ഇന്ന് തന്നെ നടത്താന്‍ തീരുമാനിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. തകരാര്‍ എന്തുകൊണ്ട് സംഭവിച്ചുവെന്ന് വിശദമായി പരിശോധിക്കുമെന്ന് ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.