HomeKeralaസമരയൗവനത്തിന് ഇന്ന് നൂറാം പിറന്നാള്‍

സമരയൗവനത്തിന് ഇന്ന് നൂറാം പിറന്നാള്‍

മലയാളിയുടെ സ്വകാര്യ അഹങ്കാരവും സമര തീക്ഷ്ണതയുടെ ജീവിക്കുന്ന പര്യായവുമായ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം തന്റേതു കൂടിയാക്കിയ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന് ഇന്നും സാധാരണ ദിനം മാത്രം.

തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ മകന്‍ അരുണ്‍കുമാറിനൊപ്പമാണ് വി എസ് ഇപ്പോള്‍ താമസിക്കുന്നത്. നേരിയ പക്ഷാഘാതത്തെ തുടര്‍ന്ന് പൊതു ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും നാട്ടിലെ എല്ലാ കാര്യങ്ങളും അദ്ദേഹം അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍ കുമാര്‍ പറയുന്നു. ടിവി വാര്‍ത്തകള്‍ കാണുകയും പത്രം വായിച്ചും അദ്ദേഹം സ്വയം അറിവ് നേടുന്നു.

ദുരിതം മാത്രമായിരുന്ന കുട്ടിക്കാലം അദ്ദേഹത്തെ വിപ്ലവകാരിയാക്കിയിരുന്നു. നാലാം വയസ്സില്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ പട്ടിണി കൂട്ടുകാരനായി. ചേട്ടന്റെ തയ്യല്‍ കടയിലും പിന്നീട് അസ്പിന്‍വാള്‍ കമ്പനിയിലും പട്ടിണി മാറ്റാന്‍ പണിക്ക് കയറിയെങ്കിലും അവിടേയും തൊഴിലാളികളെ ഒന്നിപ്പിക്കാനും ശക്തരാക്കാനുമായിരുന്നു കൂടുതല്‍ ശ്രമിച്ചത്. ഇതോടെ തൊഴിലാളികളുടെ പ്രിയങ്കരനായെങ്കിലും മുതലാളിമാരുടെ കണ്ണിലെ കരടായി.

ഈ തെമ്മാടിയെ വെട്ടിക്കൊല്ലാന്‍ തീരുമാനിച്ച മുതലാളിമാരുടെ മുന്നില്‍ വളയാത്ത നട്ടെല്ലുമായി നിന്ന നേതാവാണ് വിഎസ്. ആക്രമത്തില്‍ മരിച്ചെന്നു കരുതി കാട്ടിലേക്ക് വലിച്ചെറിയപ്പെട്ടെങ്കിലും വിഎസ് തിരിച്ചുവന്നു. ഒരിക്കലും തോല്‍പ്പിക്കാനാവാത്ത കരുത്തുമായി.

സിപിഎം രൂപീകരിച്ചവരില്‍ അവശേഷിക്കുന്ന രണ്ടുപേരില്‍ ഒരാള്‍. പാര്‍ടി രൂപീകരിച്ച ആളായിട്ടു കൂടി പാര്‍ടിയിലെ പുത്തന്‍ കൂറ്റുകാരുടെ ഒറ്റ് നിരവധി തവണ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പാര്‍ടിയിലും തിരുത്തല്‍ ശക്തിയായി തെറ്റ് തുറന്നു കാട്ടുന്ന സ്വഭാവം അദ്ദേഹം തുടര്‍ന്നു. വലതുപക്ഷ വ്യതിയാനം പാര്‍ടിയില്‍ ശക്തമായപ്പോള്‍ ഒപ്പം നിന്നവര്‍ പോലും അകന്നപ്പോഴും നിലപാടില്‍ മാറ്റമില്ലാതെ വിഎസ് നിന്നു.

പുതിയ കേരളത്തില്‍ അഴിമതികളും സ്വജനപക്ഷപാതവും ധൂര്‍ത്തും കൊടികുത്തി വാഴുമ്പോള്‍ വിഎസിൻ്റെ അഭാവം തന്നെയാണ് മലയാളി നേരിടുന്ന പ്രധാന പ്രശ്‌നം. ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ. വിപ്ലവ സൂര്യന് , മലയാളിയുടെ കരളിന്..മലയാളി ഡസ്‌ക്കിൻ്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

Most Popular

Recent Comments