കായിക മാമാങ്കത്തിന് നാളെ കൊടിയിറക്കം

0

കൗമാര കുതിപ്പും കരുത്തും തെളിയിച്ച 65-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മാമാങ്കത്തിന് നാളെ (ഒക്ടോബര്‍ 20ന്) കൊടിയിറങ്ങും. സമാപന സമ്മേളനം വൈകീട്ട് 4 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷയാകും. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും.

65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയായ സീനിയര്‍ ഗ്രൗണ്ട് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷണ തേജ സന്ദര്‍ശിച്ചു. കായികോത്സവം സംഘാടനത്തിലും പ്രകടനത്തിലും മികച്ച നിലവാരമാണ് പുലര്‍ത്തുന്നതെന്ന് കലക്ടര്‍ അഭിപ്രായപ്പെട്ടു. മികവാര്‍ന്ന നേതൃത്വപാടവവും വിവിധ വകുപ്പുകളുടെയും നാട്ടുകാരുടെയും സഹകരണവും മേളയില്‍ കാണാന്‍ കഴിഞ്ഞതായും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

കായിക മേളയിലെ വിവിധ പവലിയനുകളും ഭക്ഷണ പന്തലും കലക്ടര്‍ സന്ദര്‍ശിച്ചു. കുട്ടികളും സെല്‍ഫിക്കും ഫോട്ടോയ്ക്കുമായി ഓടിയെത്തി. ഗ്യാലറിയിലിരുന്ന് കായിക താരങ്ങളുടെ പ്രകടനങ്ങളും നോക്കിക്കണ്ടു.

സീനിയര്‍ ബോയ്സ് ഹൈജംപില്‍ വിജയികളായ കായിക താരങ്ങള്‍ക്കുള്ള മെഡലുകള്‍ കലക്ടര്‍ വിതരണം ചെയ്തു. സ്വര്‍ണ്ണ മെഡല്‍ നേടിയ മലപ്പുറം ജില്ലയിലെ മുഹമ്മദ് മുഹസിന്‍, വെള്ളി നേടിയ തിരുവനന്തപുരം ജില്ലയിലെ ആര്‍ അശ്വിന്‍ കൃഷ്ണ, വെങ്കലം കരസ്ഥമാക്കിയ തൃശ്ശൂര്‍ ജില്ലയിലെ എസ് എസ് മനു എന്നിവര്‍ക്കാണ് ജില്ലാ കലക്ടര്‍ മെഡലുകൾ വിതരണം ചെയ്തത്.