പുഴയ്ക്കല്‍പ്പാടത്തെ ബഹുനില വ്യവസായ സമുച്ചയത്തെ ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവ്. പുഴയ്ക്കല്‍പ്പാടം വ്യവസായ സമുച്ചയത്തിൻ്റെ രണ്ടാം ഘട്ടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യവസായ സമുച്ചയത്തിലേക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ച് തുടങ്ങും. ജില്ലാതല കമ്മിറ്റി അപേക്ഷകളില്‍ തീരുമാനമെടുക്കും. നവംബര്‍ 18 ന് മുമ്പ് അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി പ്രശ്‌നമില്ലാത്ത വ്യവസായങ്ങളെയാണ് പുഴക്കല്‍ പാടത്ത് പ്രോത്സാഹിപ്പിക്കുന്നത്. പുഴക്കല്‍ പാടത്തെ ക്രിന്‍ഫ്രയുടെ ഭൂമിയില്‍ അധികം വൈകാതെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. വ്യവസായ പാര്‍ക്കില്‍ 30 വര്‍ഷത്തേയ്ക്കാണ് സ്ഥലം നല്‍കുന്നത്. ഇത് 30 വര്‍ഷത്തേയ്ക്ക് കൂടി കൂട്ടി നല്‍കും. വ്യവസായം കൈമാറാനുള്ള സൗകര്യവും ഉണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പഠനത്തോടെപ്പം ജോലി ചെയ്യുന്നതിന് കോളേജുകളോട് ചേര്‍ന്ന് ക്യാമ്പസ് ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് സ്ഥാപിക്കും. ജില്ലയില്‍ കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കം ഫുഡ് പ്രോസസിംഗ് പാര്‍ക്ക് ആരംഭിക്കും. വ്യവസായ രംഗത്ത് പൊതുമേഖല സ്ഥാപനങ്ങളെ കൂടി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഭൂമി എങ്ങനെ പരമാവധി നിയമാനുസൃതമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നോക്കി കൊണ്ടിരിക്കുന്നത്. വ്യവസായ രംഗത്ത് നല്ല മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങള്‍ വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ വ്യവസായ രംഗത്ത് ഉയര്‍ന്ന വിജയം കൈവരിച്ചവരെ മന്ത്രി ആദരിച്ചു.
11.41 ഏക്കര്‍ സ്ഥലത്ത് അഞ്ചു ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി 1,29,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ബഹുനില വ്യവസായ സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. വ്യവസായ വാണിജ്യ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക 23.33 കോടി രൂപയാണ്. പ്രാരംഭ ഘട്ടത്തില്‍ 100 കോടി രൂപയുടെ നിക്ഷേപവും 1000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.