ആവേശമായി ദീപശിഖ പ്രയാണം
സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ചുള്ള ദീപശിഖ പ്രയാണം തൃശൂർ നഗരത്തിൽ നിന്ന് ആരംഭിച്ച് കുന്നംകുളത്ത് സമാപിച്ചു. വടക്കുംന്നാഥ ക്ഷേത്ര മൈതാനിയിലെ തെക്കേ ഗോപുര നടയിൽ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മേയർ എം കെ വർഗീസ് , എ സി മൊയ്തുതീൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബോൾ താരം ഐ എം വിജയൻ ദീപശിഖ കൈമാറി.
തുടർന്ന് കുന്നംകുളത്തേക്കുള്ള ദീപശിഖാ പ്രയാണത്തിൽ നൂറുകണക്കിന് കായിക താരങ്ങൾ പങ്കെടുത്തു. നിരവധി സ്ഥലങ്ങളിൽ വിവിധ സ്കൂളുകളുടേയും സംഘടനകളുടേയും നേതൃത്വത്തിൽ സ്വീകരണം നൽകി. പുറ്റേക്കര സെൻ്റ് ജോർജസ് ഹയർ സെക്കണ്ടറി സ്കൂളിന് വിപുലമായ സ്വീകരണം നൽകി. രമ്യ ഹരിദാസ് എംപിയും സ്വീകരണത്തിന് എത്തി.
കുന്നംകുളം നഗരത്തിൽ സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് മുന്നോടിയായി വിളംബര ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും വാദ്യഘോഷമേളങ്ങളുടെയും അകമ്പടിയോടെ ടൗണ്‍ഹാളില്‍ നിന്നും പുറപ്പെട്ട ഘോഷയാത്ര നഗരം ചുറ്റി മത്സര വേദിയായ കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു.
വിളംബര ഘോഷയാത്രയില്‍ ജില്ലയിലെ സ്പോര്‍ട്സ് വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് കേഡറ്റ് പോലീസ്, എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാര്‍ തുടങ്ങി ആയിരക്കണക്കിന് വാദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. റോളര്‍ സ്‌കേറ്റിങ്ങ്, ബാന്റ് വാദ്യം, ചെണ്ടമേളം തുടങ്ങിയവ വിളംബര ജാഥയ്ക്ക മാറ്റ് കൂട്ടി.
കായികമേളയ്ക്ക് ആദ്യമെത്തിയ കാസർകോട് ടീമിന് കുന്നംകുളത്ത് സ്വീകരണം നൽകി. രമ്യ ഹരിദാസ് എംപിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.





































