കുന്നംകുളം, ചേലക്കര ആശുപത്രികളില്‍ ഡയാലിസിസ് സൗകര്യം ഉടന്‍
കൊടുങ്ങല്ലൂരിലും വടക്കാഞ്ചേരിയിലും കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കും
പോസ്റ്റ്മോര്‍ട്ടം സൗകര്യം താലൂക്ക് ആശുപത്രികളിലും
തൃശൂര്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം 6 മാസത്തിനകം നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗികളുടെ ആരോഗ്യ, ചികിത്സാ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കല്‍, ഓണ്‍ലൈന്‍ ബുക്കിംഗ്, ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇതിന്റെ ഭാഗമായി നടപ്പിലാക്കണം. ഇതിന് ആവശ്യമായ രീതിയില്‍ എല്ലാ ആശുപത്രികളും പദ്ധതി തയ്യാറാക്കണം. പാലിയേറ്റീവ് കെയറിന് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലയിലെ ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ വിവിധ ആശുപത്രികളില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാണം. കുന്നംകുളം, ചേലക്കര താലൂക്ക് ആശുപത്രികളില്‍ നാലു വീതം ഡയാലിസിസ് യന്ത്രങ്ങള്‍ അനുവദിക്കും. അടുത്തമാസം മുതല്‍ അവ പ്രവര്‍ത്തനം തുടങ്ങും. കൊടുങ്ങല്ലൂരിലും വടക്കാഞ്ചേരിയിലും പുതുതായി കാരുണ്യ ഫാര്‍മസികള്‍ ആരംഭിക്കും. അതിനാവശ്യമായ സ്ഥലം എംഎല്‍എമാര്‍ കണ്ടെത്തിനല്‍കും. താലൂക്ക് ആശുപത്രികളില്‍ സൗകര്യങ്ങള്‍ പരിശോധിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്താൻ ഡിഎംഒക്ക് നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 184 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിൻ്റെ രൂപകല്‍പ്പനയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാണം. പൈതൃക നഗരമെന്ന രീതിയില്‍ നിലവിലെ ഡിസൈന്‍ പ്രകാരമുള്ള ഉയരം കെട്ടിടത്തിന് പാടില്ലെന്നതിനാലാണിത്.
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവ ചികിത്സ ഒരു മാസത്തിനകം ആരംഭിക്കാണം. ഇതിനാവശ്യമായ ഡോക്ടര്‍മാരും സജ്ജീകരണങ്ങളും ഡിഎംഒ ഉറപ്പുവരുത്തണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ 10.5 കോടി ചെലവില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റേണ്ടതുണ്ട്. അതിനുള്ള അനുമതി ഉടന്‍ ലഭ്യമാക്കാനും ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആശുപത്രി വികസനത്തിന് ആവശ്യമായ കൂടുതല്‍ ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ എസ്ടിപി നിര്‍മാണത്തിനാവശ്യമായ ഡിസൈന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി തയ്യാറാക്കി നിര്‍മാണം ആരംഭിക്കണം. പുതുതായി നിര്‍മിച്ച ഐസിയു പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാണം
വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ 2.29 കോടി ചെലവില്‍ നിര്‍മിക്കുന്ന ഒപി ബ്ലോക്കിന്റെ നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിക്കും. ഇവിടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈദ്യുതിയും വെള്ളവും എത്തിക്കുന്നതിന് സംവിധാനം ഒരുക്കണം. കാഷ്വാലിറ്റി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണം. ഇരിങ്ങാലക്കുടയില്‍ പുതുതായി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ കണ്ടെത്തിയ സംഭവത്തില്‍ സാങ്കേതിക കമ്മിറ്റി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണം. കുന്നംകുളം ആശുപത്രികളില്‍ ഒപിയിലെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും.
ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസംബ്ലി മണ്ഡലം തലത്തില്‍ ഓരോ മാസവും അവലോകന യോഗം ചേരും. ഇതിനായി ഡെപ്യൂട്ടി ഡിഎംഒമാര്‍ക്ക് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിച്ചുണ്ട്. എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലൂടെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനം ലഭ്യമാക്കാന്‍ സാധിക്കണം.
ആശുപത്രികളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സെക്യൂരിറ്റി ജീവനക്കാര്‍, സിസിടിവി ക്യാമറകള്‍, പബ്ലിക് അഡ്രസ് സംവിധാനം തുടങ്ങിയവ ശക്തിപ്പെടുത്തും. ആശുപത്രികളില്‍ പാലിയേറ്റീവ് കെയര്‍ സംവിധാനം കൂടുതല്‍ ശക്തപ്പെടുത്തും. ജില്ലയിലെ ആശുപത്രികളില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എംഎല്‍എമാരായ കെ കെ രാമചന്ദ്രന്‍, പി ബാലചന്ദ്രന്‍, എന്‍ കെ അക്ബര്‍, വി ആര്‍ സുനില്‍കുമാര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീന, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് ഡി എച്ച് എസ് (പ്ലാനിങ് ) ഡോ. വീണ, എഡിഎം ടി മുരളി, ഡിഎംഒ ടി പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി സജീവ്കുമാര്‍, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.