മൂന്നാറിലെ ഭൂമി കയ്യേറ്റക്കാരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് സിപിഎം നേതാവ് എം എം മണിയുടെ സഹോദര പുത്രനും. മണിയുടെ സഹോദരന്‍ ലംബോദരൻ്റെ മകന്‍ ലിജീഷും ഭൂമി കയ്യേറിയെന്ന് കണ്ടെത്തല്‍. ഇടുക്കി കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ലിജീഷിൻ്റെ പേരുള്ളത്.
300 ലധികം കയ്യേറ്റങ്ങളുടെ പട്ടികയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ വന്‍കിട-ചെറുകിട കയ്യേറ്റങ്ങളുണ്ട്. ടാറ്റ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം എന്നിങ്ങനെയുള്ള വന്‍കിടക്കാരോടൊപ്പം രാഷ്ട്രീയ മത സാമൂദായിക സംഘടനകളും ഉണ്ട്.
തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പന്‍കുത്ത്, കെഡിഎച്ച് എന്നീ വില്ലേജുകളിലാണ് കയ്യേറ്റങ്ങള്‍ അധികവും. ഇതില്‍ വനഭൂമിയും റവന്യൂ, ഹെല്‍ത്ത്, പിഡബ്‌ള്യൂഡി, ഫിഷറീസ്, കെഎസ്ഇബി എന്നിവയുടെ ഭൂമിയും ഉള്‍പ്പെടും.
എം എം മണിയുടെ സഹോദര പുത്രന് പുറമെ ടോമിന്‍ ജെ തച്ചങ്കരിയുടെ സഹോദരന്‍ ടിസ്സിന്‍ ജെ തച്ചങ്കരിയും ഭൂമി കയ്യേറിയിട്ടുണ്ട്.
റോഡ് പുറമ്പോക്ക് കയ്യേറി പാര്‍ടി ഓഫീസ് നിര്‍മിച്ച മന്നാംകണ്ടം സിപിഎം ലോക്കല്‍ കമ്മിറ്റിയും പട്ടികയില്‍ ഉണ്ട്. കുഞ്ചിത്തണ്ണി വില്ലേജിലെ ഡ്രീം ലാന്‍ഡ് സ്‌പൈസസ് പാര്‍ക്കിലെ വാട്ടര്‍ തീം പാര്‍ക്ക് കയ്യേറ്റ ഭൂമിയിലാണ്.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് എം എം മണി പിണറായി പക്ഷക്കാരനായത്. അന്ന് സ്വന്തം സഹോദരൻ്റെ ഭൂമി കയ്യേറ്റം സംരക്ഷിക്കാനായിരുന്നു ഇതെന്നായിരുന്നു ആരോപണം. ഇപ്പോഴും ഒഴിപ്പിക്കല്‍ നടപടിയെ എതിര്‍ക്കുമെന്ന് മണി പറയുന്നുണ്ട്. അത് സഹോദര പുത്രനെ സംരക്ഷിക്കാനാണോ എന്നാണ് ഇനി അറിയേണ്ടത്.