സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലകളിലും പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന മണ്ഡലംതല നവകേരള സദസ് കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് നടക്കും. നവകേരള സദസിനോടനുബന്ധിച്ച് നടന്ന സംഘാടക സമിതി രൂപികരണ യോഗം ഇ ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കയ്പമംഗലം നിയോജക മണ്ഡലത്തില്‍ ഡിസംബര്‍ ആറിന് നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് കലാ – സാംസ്‌കാരിക പരിപാടികള്‍, എക്‌സിബിഷന്‍ തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പരിപാടിയില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും യോഗങ്ങള്‍ ചേരും.
വിവിധ മേഖലകളില്‍ സര്‍ക്കാര്‍ കൈവരിച്ച മുന്നേറ്റത്തെക്കുറിച്ചും വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമൂഹത്തിൻ്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും ഉപദേശ-നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ഈ പര്യടനം. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും ചില കേന്ദ്രങ്ങളില്‍ പ്രഭാത യോഗങ്ങളില്‍ കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് നവകേരള സദസ്സുമാണ് നടത്തുന്നത്.
റവന്യൂ മന്ത്രി കെ രാജന്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗ മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദു, ബെന്നി ബഹനാന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ്, സംവിധായകന്‍ കമല്‍ എന്നിവര്‍ സംഘാടക സമിതിയുടെ രക്ഷാധികാരികളാണ്. ഇ ടി ടൈസണ്‍ എംഎല്‍എ സംഘാടക സമിതിയുടെ ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമാകും. ജില്ലാ ലേബര്‍ ഓഫീസര്‍ എം എം ജോവിന്‍ ജനറല്‍ കണ്‍വീനറാണ്. സംഘാടക സമിതിയോടനുബന്ധിച്ച് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളായി വിവിധ കമ്മിറ്റികളും രൂപീകരിച്ചു.