പൊലീസ് നിരീക്ഷണവും പരിശോധനകളും ഊര്‍ജിതമാക്കിയിരിക്കെ വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. മക്കിമലയിലെ റിസോര്‍ട്ടിലാണ് അഞ്ചംഗ സംഘം എത്തിയത്.
നേരത്തെ മാവോയിസ്റ്റുകള്‍ എത്തിയ കമ്പമലയ്ക്ക് സമീപമാണ് മക്കിമല. ഏതാണ്ട് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള പ്രദേശം. ഈ മേഖലയില്‍ തണ്ടര്‍ബോള്‍ട്ടും പൊലീസും പ്രത്യേക പരിശോധന നടത്തുന്ന പ്രദേശമാണ്. എന്നിട്ടും ഇവിടെ അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയത് പൊലീസിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.
ഇന്നലെ വൈകീട്ട് ഏഴോടെയാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. ആരേയും ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല. ഒന്നര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. ജീവനക്കാരൻ്റെ മൊബൈല്‍ ഫോണ്‍ വാങ്ങി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താകുറിപ്പ് അയച്ചു. കമ്പമലയിലെ പ്രശ്‌നങ്ങളാണ് വാര്‍ത്താകുറിപ്പില്‍. തുടര്‍ന്ന് അരിയും മറ്റും വാങ്ങി തോട്ടത്തിലൂടെ മടങ്ങുകയും ചെയ്തു.
പ്രദേശത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തു. എന്നാല്‍ കാര്യമായ വിവരങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിവ്.