പാലക്കാട് ജില്ലയിലെ പാലക്കയത്ത് ഉരുള്‍പൊട്ടി. നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. കാഞ്ഞിരപ്പുഴ ഡാമിന് മുകള്‍ഭാഗത്ത് പാലക്കയം പാണ്ടന്‍മലയിലാണ് ഉരുള്‍പൊട്ടല്‍. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉരുള്‍പൊട്ടിയതോടെ പാലക്കയം ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിട്ടുള്ളത്. നിരവധി ആദിവാസി ഊരുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ഇവയില്‍ ആളുകള്‍ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ആ പ്രദേശങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴയാണ് ഇപ്പോഴും പെയ്യുന്നത്. ഇതോടെ ഡാമിൻ്റെ മൂന്ന് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ തുറന്നു. ഉരുള്‍പൊട്ടിയതോടെ പാലക്കയം ടൗണ്‍ വെള്ളത്തിലായി. എന്നാല്‍ ജാഗ്രത പാലിച്ചാല്‍ മതിയെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാം തുറന്നതിനാല്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും അപകട സാധ്യത ഉള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും അധികൃതര്‍ പറഞ്ഞു.