കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്തിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍ എംഎല്‍എ പ്രതിയാകാന്‍ സാധ്യത. ഇതിനുള്ള അന്തിമ പരിശോധനയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിലെ സാഹചര്യത്തില്‍ ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിയമ ഉപദേശം കൂടി ലഭിച്ചാല്‍ ഇക്കാര്യത്തില്‍ തീരുമാനം ആകും.
ഇതുവരെ നടത്തിയ പരിശോധനകളിലും ചോദ്യം ചെയ്യലുകളിലും മൊയ്തീനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ തെളിവുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. രണ്ടാംവട്ട ചോദ്യം ചെയ്യലിന് മൊതീന്‍ ഹാജരായിരുന്നില്ല. നിയമസഭ സാമാജികര്‍ക്കുള്ള ക്ലാസില്‍ പങ്കെടുക്കണം എന്ന് പറഞ്ഞാണ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞത്. എന്നാല്‍ അറസ്റ്റ് സാധ്യത ഭയന്നാണ് ഇതെന്നാണ് അടക്കംപറച്ചില്‍.
അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങളും നടക്കുന്നതായി വിവരമുണ്ട്. സിപിഎമ്മുമായി ബന്ധമുള്ള നിരവധി അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ് എന്ന് പ്രചരിപ്പിച്ച് അണികളുടെ എതിര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ജില്ലയില്‍ പാര്‍ടി നടത്തുന്നുണ്ട്. തുടര്‍ച്ചയായ സമരപരിപാടികള്‍ ഇതിൻ്റെ ഭാഗമാണ്. എന്നാല്‍ നിരവധി രേഖകളും വസ്തുതകളും പുറത്തുവരുന്നതില്‍ സിപിഎം ആശങ്കയിലാണ്.
കരുവന്നൂര്‍ ബാങ്കിലെ വെട്ടിപ്പ് അന്വേഷണം സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകളിലേക്കും വ്യാപിക്കുമ്പോള്‍ വലിയ ആശങ്ക പാര്‍ടിക്കുണ്ട്. ഇപ്പോള്‍ തന്നെ നേതാക്കളെ കുറ്റപ്പെടുത്തുന്ന വിധമാണ് സാധാരണ പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ എന്നതാണ് പാര്‍ടിയെ ബുദ്ധിമുട്ടിലാക്കുന്നത്. അതിനാല്‍ ഏറെക്കാലം ഇഡിയെ കുറ്റം പറഞ്ഞ് അണികളെ അടക്കിനിര്‍ത്താന്‍ ആവില്ലെന്ന് നേതൃത്വത്തിനറിയാം. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇപ്പോള്‍ ആരോപണ വിധേയരായവരെ പുറത്താക്കി അണികളെ പിടിച്ചുനിര്‍ത്താനാകും നേതൃത്വം ശ്രമിക്കുക.