സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്ത് അയിത്തവും അകറ്റി നിര്‍ത്തലും ഇന്നും തുടര്‍ക്കഥ. അടുത്തിടെ സംസ്ഥാന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നടത്തിയ വെളിപ്പെടുത്തല്‍ കേരളത്തെ ഏറെ അസ്വസ്ഥമാക്കുന്നത് തന്നെയാണ്.
മന്ത്രി രാധാകൃഷ്ണന്‍ നടത്തിയ പ്രസംഗവും പുറത്തായ വീഡിയോയും അത്ര നല്ല സന്ദേശമല്ല പൊതുസമൂഹത്തിന് നല്‍കുന്നത്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും അറിവില്ലായ്മ ആണെന്നും പ്രചാരമുണ്ട്. അതെന്തായാലും തന്നെ കേരളത്തിലും ജാതി വിവേചനം ഇന്നും ശക്തമാണെന്നും ക്ഷേത്രങ്ങളില്‍ അത് വ്യക്തമായി നടക്കുന്നുണ്ടെന്നും എല്ലാവര്‍ക്കും അറിയാം.
ആദികാലം തൊട്ടേ ഇന്ത്യയില്‍ അയിത്താചരണങ്ങളും ജാതീയത പോലുള്ള അനാചാരങ്ങളും ശക്തമായിരുന്നു. മനുഷ്യരെ ജാതി തിരിച്ച് വേര്‍തിരിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. സവര്‍ണര്‍ക്ക് ഒരു നീതി അവര്‍ണര്‍ക്ക് മറ്റൊരു നീതി എന്നത് നിര്‍ബാധം തുടര്‍ന്നു. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും ഇതെല്ലാം ഇപ്പോഴും നിര്‍ബാധം തുടരുന്നുമുണ്ട്.
എന്നാല്‍ ദളിതനേയും പിന്നോക്കക്കാരനേയും തൊട്ടാല്‍ അശുദ്ധവും പാപവും ആകുമ്പോഴും അവരുടെ പണത്തിന് അയത്തമില്ലെന്ന് സത്യമായിരുന്നു. അന്നും ഇന്നും പണത്തിനോട് അയിത്തമോ അകല്‍ച്ചയോ ഇല്ല.
ക്ഷേത്രങ്ങളില്‍ ഈ പറയുന്ന ആചാരം പറയുന്നവര്‍, തൊട്ടുകൂടായ്മ നടപ്പാക്കുന്നവര്‍, പക്ഷേ അവരുടെ കയ്യില്‍ നിന്ന് പണം കൈനീട്ടി വാങ്ങാന്‍ മടിക്കാറുമില്ല. സോപ്പിട്ട് കുളിച്ച്, വൃത്തിയായി അലക്കിയ വസ്ത്രം അണിഞ്ഞുവരുന്നവരെ തൊട്ടാൽ അശുദ്ധിയെന്ന് പറയുന്നവര്‍ തന്നെയാണ് മീനും മത്സ്യവും അഴുക്കും തൊട്ട പണം ഒരു അശുദ്ധിയുമില്ലാതെ കൈനീട്ടി തൊട്ടു വാങ്ങുന്നത്.
അപ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഏത് ആചാരത്തിൻ്റെ പേരിലായാലും പണം വേണം. എന്നാല്‍ അവര്‍ണരെയും സമൂഹത്തിലെ വലിയ വിഭാഗത്തേയും അധികാരത്തില്‍ നിന്നും സമൃദ്ധിയില്‍ നിന്നും അകറ്റി നിര്‍ത്തണം. തങ്ങളുടെ വിധേയരായി എന്നും ഒരു സമൂഹം വേണം. അവരുടെ അധ്വാനം കൊണ്ട് അവരുടെ പണം കൊണ്ട് തങ്ങള്‍ക്ക് സുഖമായി ജീവിക്കുകയും വേണം.
ക്ഷേത്രങ്ങളില്‍ പൂജാരി കടന്നുവരുമ്പോള്‍ തൊട്ടശുദ്ധമാക്കരുത് എന്ന പറച്ചില്‍ കേള്‍ക്കാം. എന്നാല്‍ അതേ പൂജാരി തന്നെ ‘അശുദ്ധമായ’ പണം കൈനീട്ടി സ്വീകരിക്കുകയും ചെയ്യും. ഇനി പൂജാരിമാര്‍ക്കും തന്ത്രിമാര്‍ക്കും പണം നല്‍കില്ല എന്ന തീരുമാനം എടുത്താല്‍ മതി. അശുദ്ധവും അയിത്തവും കുറെ കുറഞ്ഞുകൊള്ളും.