രാജ്യത്തിന് എന്നും ഓര്‍മിക്കാന്‍ ഒരു ദിനം. സ്ത്രീകള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭ പാസ്സാക്കി. പുതിയ പാര്‍ലമെൻ്റ് മന്ദിരത്തിലെ ആദ്യ ബില്ലാണിത്.
നിയമന്ത്രി അര്‍ജുന്‍ രാം മേഘവാളാണ് ബില്‍ അവതരിപ്പിച്ചത്. 454 എംപിമാര്‍ അനുകൂലിച്ചതോടെയാണ് ബില്‍ ചരിത്രമായത്. രണ്ട് എംപിമാര്‍ മാത്രമാണ് എതിര്‍ത്തത്. നാളെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.
എട്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയാണ് ആദ്യം സംസാരിച്ചത്. വനിതാ സംവരണം രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ബില്‍ പാസ്സാക്കിയാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മാത്രമേ പ്രാവര്‍ത്തികമാകൂ എന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ജനസംഖ്യ സെന്‍സസ് കഴിഞ്ഞാല്‍ മാത്രമേ ബില്‍ പ്രാവര്‍ത്തികമാകൂ എന്നത് സര്‍ക്കാരിൻ്റെ ഇടപെടല്‍ കൊണ്ടല്ലെന്ന് നിയമമന്ത്രി പറഞ്ഞു. ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ഭരണഘടനക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.