കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് വഴി കോടികള്‍ വെട്ടിച്ച ഇഡി അന്വേഷണം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനിലേക്ക് നീളുന്നതായി സൂചന. ഇതിൻ്റെ ഭാഗമായി ഇപ്പോള്‍ കണ്ണന്‍ പ്രസിഡണ്ടായ തൃശൂര്‍ സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് നടക്കുകയാണ്. കഴിഞ്ഞ ദിവസം സംശയ നിഴലിലായ അയ്യന്തോള്‍ സഹകരണ ബാങ്കിലും ഇതോടൊപ്പം ഇഡിയുടെ പരിശോധന നടക്കുന്നുണ്ട്.
തൃശൂര്‍ എറണാകുളം ജില്ലകളില്‍ ഒരേ സമയമാണ് പരിശോധന നടക്കുന്നത്. തൃശൂര്‍ ജില്ലയില്‍ മാത്രം എട്ടു കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നതായാണ് വിവരം.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി പി സതീശ്കുമാര്‍ അയ്യന്തോള്‍ സഹകരണ ബാങ്കിലൂടെ 40 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി കണ്ടെത്തിയിരുന്നു.
അയ്യന്തോള്‍ ബാങ്കിന് പുറമെ സിപിഎം നിയന്ത്രണത്തിലുള്ള മറ്റ് സഹകരണ ബാങ്കുകളും തട്ടിപ്പിന് കൂട്ടുനിന്നതായി അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മറ്റ് ബാങ്കുകളിലേക്കും എസി മൊയ്തീനും പി കെ ബിജുവിനും പുറമെ മറ്റ് സിപിഎം നേതാക്കളിലേക്കും അന്വേഷണം നീളുന്നത്.
ഒരു ദിവസം തന്നെ 25 തവണ അരലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ നിക്ഷേപിച്ചതായി രേഖയുണ്ടാക്കി അന്ന് തന്നെ പിന്‍വലിച്ചതായും കണ്ടെത്തി. നിലവിലെ സാഹചര്യത്തില്‍ സിപിഎം നേതാക്കളുടെ അറിവോടെ നടന്നതായി കരുതുന്ന ബാങ്ക് തട്ടിപ്പിനെതിരെ അണികളില്‍ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. കേസിൽ സംശയ നിഴലിലുള്ള മുൻ മന്ത്രി എ സി മൊയ്തീനെ ചോദ്യം ചെയ്യാൻ നാളെ വീണ്ടും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്.