മണപ്പുറം ഫൗണ്ടേഷന്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ സഹായം
കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട തൃശൂർ ജില്ലയിലെ 100 വിദ്യാര്‍ഥികള്‍ക്കു കൂടി പഠനസഹായം ഉറപ്പുവരുത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ. കോവിഡ് കാരണം അച്ചനെയോ അമ്മയെയോ നഷ്ടമായ കുട്ടികളില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ പഠന സഹായം ഉറപ്പാക്കിയത്.
മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് 100 വിദ്യാര്‍ഥികള്‍ക്ക് സഹായം ലഭ്യമാക്കിയത്. ഓരോ വിദ്യാര്‍ഥിക്കും 10,000 രൂപ വീതം 10 ലക്ഷം രൂപയുടെ ചെക്കുകള്‍ ജില്ലാ കലക്ടറും മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാറും ചേര്‍ന്ന് വിതരണം ചെയ്തു.
ഈ വര്‍ഷത്തേക്കുള്ള സഹായമെന്ന നിലയിലാണ് 10,000 രൂപ നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അടുത്ത ഓരോ വര്‍ഷവും ഇതേരീതിയില്‍ 10,000 രൂപ വീതം സഹായം നല്‍കും. മികച്ച രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അടുത്ത വര്‍ഷങ്ങളില്‍ തുടര്‍ സഹായം ലഭിക്കുക. മണപ്പുറം ഫൗണ്ടേഷന്‍ തന്നെ ഇതിനുള്ള തുക ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനാല്‍ മികച്ച രീതിയില്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം. വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന ഓണസമ്മാനം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സഹായം ആവശ്യമുള്ളവരിലേക്ക് അത് എത്തിച്ചുനല്‍കാന്‍ നേതൃത്വം നല്‍കുകയെന്ന പുണ്യകര്‍മമാണ് ജില്ലാ കലക്ടര്‍ കൃഷ്ണതേജ ഈ പദ്ധതി വഴി നിര്‍വഹിക്കുന്നതെന്ന് മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഒരു സിവില്‍ സര്‍വന്റ് എങ്ങനെയായിരിക്കണം എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ജില്ലാ കലക്ടര്‍. വിദ്യാര്‍ഥികള്‍ പഠിച്ച് ഭാവിയില്‍ മികച്ച സ്ഥാനങ്ങളിലെത്തുമ്പോള്‍ അദ്ദേഹത്തിൻ്റെ മാതൃക ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ മക്കളെ പഠിപ്പിക്കാന്‍ പാടുപെടുന്ന തങ്ങള്‍ക്ക് ഈ സഹായം വലിയ അനുഗ്രഹമാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. സഹായം നല്‍കിയ മണപ്പുറം ഫൗണ്ടേഷനും അതിന് വഴിയൊരുക്കിയ ജില്ലാ കലക്ടര്‍ക്കും നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.
കോവിഡിനെ തുടര്‍ന്ന് കുടുംബത്തിലെ വരുമാനദായകരമായ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവരുടെ പഠനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും അതേസമയം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള സാമ്പത്തിക സഹായമാണ് പദ്ധതിവഴി ലഭ്യമാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നേരത്തേ അറുപതിലേറെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സാമ്പത്തിക സഹായം ജില്ലാ കലക്ടര്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി കണ്ടെത്തി നല്‍കിയിരുന്നു. ജില്ലയ്ക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷനന്‍ കോഴ്‌സുകള്‍ക്ക് ഉള്‍പ്പെടെ ചേര്‍ന്ന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഠനസഹായം ലഭിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പുറമെ, എഞ്ചിനീയറിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബിഎസ്സി നഴ്‌സിംഗ്, ബിഎസ്‌സി കെമിസ്ട്രി, ബിഎ ഇക്കണോമിക്‌സ്, ബിഎ ഇംഗ്ലീഷ്, ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്ക്, ലാബ് ടെക്‌നീഷ്യന്‍, ബികോം, ആയുര്‍വേദ തെറാപ്പി, ഹോട്ടല്‍ മാനേജ്മന്റ്, അനിമേഷന്‍ തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളും സഹായം ലഭിച്ചവരില്‍ ഉള്‍പ്പെടും. ക്രെഡായ്, സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍, എരിഞ്ഞിപ്പുറത്ത് ഫാമിലി ട്രസ്റ്റ്, ഓള്‍ കേരള കെമിസ്റ്റ് അസോസിയേഷന്‍, ജില്ലാ സക്കാത്ത് കമ്മിറ്റി, സര്‍വ മംഗള ട്രസ്റ്റ്, തൃശ്ശിവപേരൂര്‍ സിആര്‍പിഎഫ് ചാരറ്റബ്ള്‍ സൊസൈറ്റി, പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ്, സന്നദ്ധ പ്രവര്‍ത്തകന്‍ കല്യാണകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു സ്‌പോണ്‍സര്‍മാര്‍.
കോവിഡ് ബാധിച്ച് മാതാപിതാക്കളോ അവരിലൊരാളോ നഷ്ടപ്പെട്ട 609 കുട്ടികള്‍ ജില്ലയിലുണ്ടെന്നാണ് കണക്ക്. ജില്ലാ ശിശുസംരക്ഷണ യൂനിറ്റിൻ്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ പഠന മികവും സാമ്പത്തിക സ്ഥിതിയും അന്വേഷിച്ച് മനസ്സിലാക്കിയ ശേഷമാണ് മുന്‍ഗണനാ ക്രമത്തില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. കലക്ടറേറ്റ് അനക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ എ ബിന്ദു, മണപ്പുറം ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് മോര്‍ലി, സിഎസ്ആര്‍ ഹെഡ് ശില്‍പ ത്രേസ സെബാസ്റ്റ്യന്‍, ആര്‍ സി ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.