തട്ടിപ്പ് വായ്പകള്‍ എ സി മൊയ്തീൻ്റെ നിര്‍ദേശപ്രകാരമെന്ന് ഇഡി

0

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുരുക്കു മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി 15 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. നേരത്തെ എ സി മൊയ്തീൻ്റെയും ഭാര്യയുടേയും ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ മരവിപ്പിച്ചിരുന്നു.

തട്ടിപ്പ് വായ്പകള്‍ നല്‍കിയത് എ സി മൊയ്തീൻ്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ബാങ്കില്‍ അംഗങ്ങളല്ലാത്ത ബിനാമികള്‍ക്കാണ് മൊയ്തീൻ്റെ നിര്‍ദേശ പ്രകാരം വായ്പകള്‍ അനുവദിച്ചത്. പാവപ്പെട്ടവരുടെ സ്വത്തുക്കള്‍ പണയപ്പെടുത്തിയും ബിനാമി ഇടപാടുകള്‍ നടന്നു. സിപിഎം ജില്ലാ സെക്രട്ടറിയും മന്ത്രിയും ആയിരുന്ന മൊയ്തീൻ്റെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായി എന്നും ഇഡി പറയുന്നു.

200 കോടി രൂപയുടെ വെട്ടിപ്പ് കരുവന്നൂര്‍ ബാങ്കില്‍ നടന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 36 വസ്തുവകകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് ഏതാണ്ട് 15 കോടിയുടെ മൂല്യം കണക്കാക്കുന്നു.

മൊയ്തീൻ്റെ 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചട്ടുണ്ട്. സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകാരാണ് പണം തട്ടിയെടുത്തത് എന്നാണ് ആരോപണം. ഈടില്ലാതെയും വായ്പ നല്‍കിയിട്ടുണ്ട്. നോട്ട് നിരോധന കാലത്ത് വന്‍ തുക ബാങ്കില്‍ നിന്ന് മാറിയെടുത്ത സംഭവവും ഇഡിയുടെ പരിശോധനയിലാണ്.