പ്രതീക്ഷകളുടെ വലിയ ഭാരവുമായി പറന്നുയര്‍ന്ന ചാന്ദ്രയാന്‍ നമ്മുടെ തീരുമാന പ്രകാരം തന്നെ ചന്ദ്രനിലിറങ്ങി. 140 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടു. ബ്രിക്‌സ് ഉച്ചകോടിക്കിടയിലും ചാന്ദ്രയാന്റെ ചലനങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായി.
വൈകീട്ട് 5.44 മുതല്‍ രാവിലെ 6.04 വരെ നീണ്ട 19 മിനിറ്റ് ഭാരതീയരുടെ മുഴുവന്‍ ഹൃദയമിടിപ്പ് കൂടി. ലോകമെമ്പാടുമുള്ള വാന നിരീക്ഷകരും ബഹിരാകാശ സംഘടനകളും ചാന്ദ്രയാന്‍ മൂന്നിന് ഒപ്പമായിരുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ എത്തുന്ന ആദ്യ രാജ്യമായി നമ്മുടെ ഇന്ത്യ. ഐഎസ്ആര്‍ഒവിനും അതിന് നേതൃത്വം നല്‍കുന്നവര്‍ക്കും മുമ്പേ വഴിതെളിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാം അടക്കമുള്ളവരുടെ വര്‍ഷങ്ങള്‍ നീണ്ട് സ്വപ്‌നത്തിന് സാഫല്യം.
ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി ആന്റ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്ക് വഴിയുള്ള ആശയവിനിമയം ചാന്ദ്രയാന്‍ അക്ഷരം പ്രതി അനുസരിച്ചു. മുമ്പുണ്ടായ പിശകുകള്‍ മുഴുവന്‍ പരിഹരിക്കാന്‍ ശാസ്ത്രജഞര്‍ക്കായി. കാന്‍ബറയിലേയും മാഡ്രിഡിലേയും ഡീപ്പ് സ്‌പേസ് നെറ്റ്വര്‍ക്ക് ആന്റിനകള്‍ ഇനി ചാന്ദ്രയാനില്‍ നിന്നുള്ള സിഗനലുകള്‍ സ്വീകരിക്കും.
മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തിലുള്ള പേടകത്തിനെ സെക്കന്റില്‍ രണ്ട് മീറ്റര്‍ എന്നതിലെത്തിച്ചാണ് ലാന്‍ഡ് ചെയ്യിച്ചത്. ദക്ഷിണ ധ്രുവത്തിലെ മാന്‍സിനസ് സി, സിംപിലിയന്‍സ് എന്‍ എന്നീ ഗര്‍ത്തങ്ങളുടെ ഇടയില്‍ നമ്മുടെ സ്വപ്‌നം തൂവല്‍ പോലെ ഇറങ്ങി. ഭാരതത്തിന്റെ അഭിമാനവും പേറി.