പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറെക്കാലത്തെ ആഗ്രഹമായ ചാത്തംകുളം നവീകരണം പ്രൗഢിയോടെ പൂർത്തീകരിച്ച് റവന്യൂ മന്ത്രി കെ രാജൻ നാടിന് സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ചാത്തംകുളത്തെ വെറുമൊരു കുളമായി മാത്രം നവീകരിക്കാതെ ഭംഗിയായ പടവുകളും,പടിപ്പുരകളും,ചുറ്റും ടൈൽ വിരിച്ച് നടപ്പാതയോടെ അതിമനോഹരമാക്കിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുളം നിർമ്മിതിക്കായി ആദ്യം നിശ്ചയിച്ചത് രണ്ടുകോടി രൂപയാണെങ്കിലും കുളത്തിന്റെ സൗന്ദര്യവൽക്കരണത്തിന് മൂന്നു കോടി 33 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു.
നിർമ്മാണ പ്രവൃത്തികൾ ഇതോടെ അവസാനിക്കുന്നില്ലെന്നും കുട്ടികൾക്കായി പാർക്ക് ഉൾപ്പെടെയുള്ള വികസനങ്ങൾ സാധ്യമാക്കുമെന്നും. ഈവർഷം തന്നെ മുടിക്കോട് മുതൽ പീച്ചി,വാഴാനി റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പുതുവർഷ സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കാൻ വേണ്ട പ്രയത്നങ്ങളിലേക്ക് കടക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യാതിഥിയായി പങ്കെടുത്തു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ,വാർഡ് അംഗം ആരിഫാ റാഫി, ഗ്രാമപഞ്ചായത്ത് മറ്റു അംഗങ്ങൾ, സെക്രട്ടറി ഡോ. ബിന്ദു, മറ്റു ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.





































