കേച്ചേരി – അക്കിക്കാവ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തു

0

കേച്ചേരി അക്കിക്കാവ് ബൈപ്പാസ് ഓൺലൈൻനായി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലയിലെ കുന്നംകുളം നഗരപ്രദേശത്തെ ഗതാഗത തിരക്ക് കുറയ്ക്കുകയും, തൃശൂരിൽ നിന്ന് കേരളത്തിന്റെ ഉത്തര മേഖലകളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നതിനായി നടപ്പാക്കിയ കേച്ചേരി–അക്കിക്കാവ് ബൈപ്പാസ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54.61 കോടി രൂപ ചിലവഴിച്ചാണ് നവീകരണം പൂർത്തിയായത്. ഈ ബൈപ്പാസ് ഉപയോഗിച്ച് സഞ്ചരിക്കുന്നവർക്ക് ഏകദേശം നാല് കിലോമീറ്റർ ദൂരം ലാഭിച്ച് യാത്ര നടത്താൻ സാധിക്കുന്നു.

റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി ബി.എം-ബി.സി ടാറിങ്ങ് ഉൾപ്പെടെ ഐആർസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള റോഡ് സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കിയും, 1.90 കിലോമീറ്റർ നീളത്തിൽ വയലിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ, ആധുനിക സാങ്കേതിക വിദ്യയായ ജിയോ സെൽ–ജിയോ ടെക്സ്റ്റൈൽ സംവിധാനം വിരിച്ച് സബ്ഗ്രേഡ് ബലപ്പെടുത്തിയുമാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ പ്രയോഗിച്ചുള്ള ആദ്യത്തെ പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് കേച്ചേരി–അക്കിക്കാവ് ബൈപ്പാസ്.

പദ്ധതിയുടെ ഭാഗമായി, പന്നിത്തടം ജംഗ്ഷനിൽ ₹19.39 ലക്ഷം രൂപ ചെലവിൽ കെൽട്രോണിന്റെ നേതൃത്വത്തിൽ സോളാർ പവർഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജംഗ്ഷനിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾ പരിഗണിച്ച് ഈ സിഗ്നൽ സംവിധാനം നടപ്പിലാക്കിയതോടൊപ്പം, സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി യെല്ലോ ബോക്സ് മാർക്കിംഗ് (കീപ് ക്ലിയർ മാർക്കിംഗ്) എന്നറിയപ്പെടുന്ന റോഡ് മാർക്കിംഗും അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ ഇത്തരത്തിലുള്ള മാർക്കിംഗ് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്.

മൊത്തം 9.88 കിലോമീറ്റർ നീളമുള്ള ഈ റോഡ് വേലൂർ –കുറാഞ്ചേരി സംസ്ഥാനപാതയിൽ കേച്ചേരിയിൽ നിന്ന് ആരംഭിച്ച്, ചാവക്കാട്–വടക്കാഞ്ചേരി സംസ്ഥാനപാതയ്ക്ക് കുറുകെ പന്നിത്തടം ജംഗ്ഷനിലൂടെ കടന്നുപോയി തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിലെ അക്കിക്കാവിൽ അവസാനിക്കുന്നു. കിഫ്ബിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് 12 മീറ്റർ വീതിയിലാണ് റോഡിന്റെ നവീകരണം നടപ്പാക്കിയിരിക്കുന്നത്.

പന്നിത്തടം ജംഗ്ഷനിൽ സ്ഥാപിച്ച സോളാർ പവർഡ് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്നിത്തടം സിംല ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.