കലകളിലൂടെ അമേരിക്കയുടെ ഹൃദയം കീഴടക്കാൻ മലയാളി കലാകാരന്മാർ എത്തി. ഇനിയുള്ള 50 നാളുകൾ ലോക ശക്തിയുടെ മനസ്സിൽ കലകളുടെ മഹാ നദികളൊഴുകും. വാശിക്കും വൈരാഗ്യത്തിനും ശക്തിക്കും സമ്പത്തിനും മേലെ കാരുണ്യത്തിൻ്റെ, സ്നേഹത്തിൻ്റെ അലയൊലികൾ തീർക്കും.
സ്വസ്തി ഫെസ്റ്റിലാണ് മലയാളി മഹാപ്രതിഭകൾ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കുക. മാനവരാശിയുടെ അനശ്വര പൈതൃകമെന്ന് UNESCO അംഗീകരിച്ച കലാരൂപവും നാട്യകലകളുടെയെല്ലാം മാതാവുമാണ് കൂടിയാട്ടം. സംസ്കൃത നാടകാഭിനയമായ കൂടിയാട്ടവും ചാക്യാർകൂത്തും നങ്ങ്യാർകൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകൾക്കു മുൻപിൽ അവതരിപ്പിക്കും.
പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ദനും സാമൂഹ്യ പ്രവർത്തകനും കൂടിയാട്ട പ്രതിഭയുമായ ചെങ്ങമനാട് സ്വദേശി നേപത്ഥ്യ സനീഷും സംഘത്തിലുണ്ട്. നിരവധി വിദേശ രാജ്യങ്ങളിൽ ഇതിനു മുൻപ് കൂടിയാട്ടം അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് സനീഷ്. കലാമണ്ഡലം ജിഷ്ണു, കലാമണ്ഡലം സംഗീത, കലാമണ്ഡലം രതീഷ്ഭാസ്, കലാമണ്ഡലം വിജയ്, കലാനിലയം രാജൻ, കലാനിലയം ശ്രീജിത് എന്നിവരാണ് സംഘത്തിലെ മറ്റ് കലാകാരന്മാർ.
വാഷിങ്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നോൺ പ്രോഫിറ്റ് സാംസ്കാരിക സംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ക്ഷേത്ര – പാരമ്പര്യകലാരൂപങ്ങളെയും വൈജ്ഞാനികമേഖല കളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയിൽ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷൻ.
ഈ മാസം 27, 28 തീയതികളിൽ വാഷിങ്ടണിലാണ് ‘സ്വസ്തി ഫെസ്റ്റ് 2023’ ആദ്യം പരിപാടി അരങ്ങേറുക. ചിന്മയ സോമനാഥ് ആഡിറ്റോറിയമാണ് വേദിയാവുക. തുടർന്ന് ന്യൂയോർക്ക്, ഷാർലറ്റ്, ഫിലാഡെൽഫിയ, വിർജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളിൽ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും. ജൂൺ 2ന് വെർജീനിയ, 3ന് നോർത്ത് കരോലിന, 10ന് മിഷിഗൻ, 17ന് ന്യുയോർക്ക്, 18ന് ഫിലാഡെൽഫിയ എന്നിങ്ങനെയാണ് പരിപാടികളുടെ തിയതികൾ.
ഒരു മാസത്തിലധികം അമേരിക്കയിൽ ചെലവഴിക്കുന്ന കലാകാരന്മാർ കൂടിയാട്ടം ശിൽപ്പശാലകളും അഭിനയ പഠനക്കളരികളും സംഘടിപ്പിക്കുന്നുണ്ട്. മലയാളികളുടെ നേതൃത്വത്തിൽ ഇത്രയും വിപുലമായ കൂടിയാട്ട രംഗാവതരണം അമേരിക്കയിൽ ആദ്യമായാണ്. ക്ഷേത്ര മതിൽക്കെട്ടിനകത്ത് മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപങ്ങളെ ഗുരു പൈങ്കുളം രാമച്ചാക്യാരാണ് 1949 ൽ ആദ്യമായി പുറത്തവതരിപ്പിച്ചത്.
1980 ൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തന്നെയാണ് കൂടിയാട്ടം ആദ്യമായി കടൽകടന്ന് പോയതും.പിന്നീട് കൂടിയാട്ടത്തിനു ലഭിച്ച രാജ്യാന്തര ശ്രദ്ധയും അംഗീകാരങ്ങളും വളരെ വലുതാണ്. ശുദ്ധമായ മലയാള ഭാഷയെയും നർമ്മ ബോധത്തെയും സംരക്ഷിക്കുന്ന ചാക്യാർകൂത്തും സൂക്ഷ്മാഭിനയ കലയായ കൂടിയാട്ടവും ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് അമേരിക്കയിലെ സഹൃദയർക്കുവേണ്ടി സ്വസ്തി ഒരുക്കുന്നത്.
അമേരിക്കയിൽ സജീവമായി, പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് സ്വസ്തി. പ്രൊഫഷണൽ രംഗത്തു ജോലി ചെയ്യുന്ന രതീഷ് നായർ, ആശാ പോറ്റി, ശ്രീജിത് നായർ, അരുൺ രഘു എന്നീ കലാസ്നേഹികളാരംഭിച്ചതാണ് സ്വസ്തി. കൊറോണ ആരംഭിച്ചതു മുതൽ വല്ലാതെ വിഷമത്തിലായ കേരളത്തിലെ കലാകാരന്മാരെ സഹായിക്കാൻ ഓൺലൈൻ പ്രതിമാസ പരിപാടികൾ ഈ സംഘടന നടത്തിയിരുന്നു. ഇതുവരെ ഇരുപത്തിയഞ്ചോളം പ്രതിമാസ പരിപാടികളാണ് സ്വസ്തി സംഘടിപ്പിച്ചത്. കലാസാംസ്കാരിക മേഖലയിൽ ബൃഹത്തായ സംഭാവനകൾ നൽകാനും സ്വസ്തി ഫൗണ്ടേഷൻ ഉദ്ദേശിക്കുന്നു.