കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് പരാമര്‍ശിച്ച് മോദി, കൊച്ചിയില്‍ ആവേശമായി പ്രധാനമന്ത്രി

0

ബിജെപി രാജ്യത്തിൻ്റെ വികസനത്തിനും കയറ്റുമതിക്കും അത്യധ്വാനം ചെയ്യുമ്പോള്‍ കേരളത്തില്‍ ചിലര്‍ സ്വര്‍ണ്ണക്കടത്തിലാണ് ശ്രദ്ധിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിലാണ് അവരുടെ മുഴുവന്‍ അധ്വാനവും ഉപയോഗിക്കുന്നത്. കൊച്ചിയില്‍ യുവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാനാവില്ല. അവര്‍ക്കറിയാം കേരളത്തിലെ അധികാരത്തില്‍ ഉള്ളവരെ. ചിലര്‍ ചെറുപ്പക്കാരുടെ ഭാവി കൊണ്ട് പന്താടുകയാണ്. എന്നാല്‍ യുവാക്കളുടെ ആശയാഭിലാഷങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഗുണം കേരളത്തിലെ യുവാക്കള്‍ക്കും ലഭിക്കും. അതിനുള്ള ശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍.

ലോകം തിരസ്‌ക്കരിച്ച പ്രത്യയശാസ്ത്രവും കുടുംബ വാഴ്ചയുടെ പ്രത്യയശാസ്ത്രവും ചേര്‍ന്ന് കേരളത്തിലെ ചെറുപ്പക്കാരെ കുരുതി കൊടുത്തു. എന്നാല്‍ ഇന്ത്യ ലോകത്തിൻ്റെ നെറുകയിലാണ്. ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഇന്ത്യ ലോക യുവ ശക്തിയാണ്. രാജ്യത്തിൻ്റെ പുതിയ ദൗത്യം നിറവേറ്റാന്‍ മലയാളി ചെറുപ്പക്കാരും മുന്നോട്ട് വരും.

നിങ്ങള്‍ നായകരാകൂ.. നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാകും… പ്രധാനമന്ത്രിയുടെ ഈ വാക്കുകളില്‍ സദസ്സിലെ യുവ ശക്തി ആവേശത്തിലായി. മുന്‍സര്‍ക്കാരുകള്‍ കുംഭകോണങ്ങളാല്‍ അറിയപ്പെട്ടപ്പോള്‍ ബിജെപി സര്‍ക്കാര്‍ വികസനത്തിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. അതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് ഉണ്ടാകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.