കേരളം പിടിക്കും എന്ന പ്രസ്താവന സാധ്യമാക്കാന്‍ തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍ എത്തും. ഒദ്യോഗിക പരിപാടികളേക്കാള്‍ ബിജെപിയുടെ അടിത്തറ വിപുലമാക്കാനുള്ള തന്ത്രങ്ങള്‍ മെനയുക എന്നത് തന്നെയാണ് മോദിയുടെ വരവിന് പിന്നില്‍.
വടക്കന്‍ കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമാണ് പധാനമന്ത്രി നരേന്ദ്രമോദി അടുത്തത് കേരളം എന്ന് പ്രഖ്യാപിച്ചത്. ഇതിനെ അന്ന് പരിഹസിച്ച സിപിഎം നേതൃത്വവും കോണ്‍ഗ്രസും പിന്നീടാണ് തങ്ങളുടെ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് തിരിച്ചറിഞ്ഞത്. ഇതോടെ പരിഹാസം മാറ്റി കടുത്ത വിമര്‍ശനവും പ്രതിരോധവും തുടങ്ങി.
ബിജെപിയോട് അയിത്തമില്ലെന്ന ക്രൈസ്തവ പുരോഹിതരുടേയും നേതാക്കളുടേയും പ്രഖ്യാപനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സിപിഎം നേതാക്കളുടെ ഭയം കൂട്ടി. ന്യൂനപക്ഷ പീഡകര്‍ എന്ന് ബിജെപിയെ കുറ്റപ്പെടുത്തി ന്യൂനപക്ഷങ്ങളുടെ വോട്ട് സമാഹരിച്ചവര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാനാവുമായിരുന്നില്ല. ക്രൈസ്തവര്‍ക്ക് പുറമേ മുസ്ലീം വിഭാഗത്തെ കൂടി വിശ്വാസത്തില്‍ എടുക്കാനുള്ള ശ്രമം ബിജെപി ശക്തമാക്കിയപ്പോള്‍ പരസ്യ പ്രതിരോധത്തിന് ഇറങ്ങുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും.
ഇന്ന് കൊച്ചിയില്‍ എത്തുന്ന് പ്രധാനമന്ത്രി നടത്തുന്ന റോഡ് ഷോക്കും യുവം പരിപാടിയിലും ആയിരങ്ങള്‍ ഒഴുകിയെത്തുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഭരണമുന്നണിയെ ഏറെ അലോസരപ്പെടുത്തുന്നു. യുവാക്കളെ പിടിച്ചുനിര്‍ത്താന്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ എന്ന പരിപാടി എവിടേയും എത്തിയില്ല.
മോദി വന്ന് പോയ ശേഷം കോണ്‍ഗ്രസും യുവാക്കളുടെ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ ഏതാണ്ടെല്ലാ സഭകളുടേയും അധ്യക്ഷന്മാരും മോദിയെ കാണാന്‍ എത്തുന്നുണ്ട് എന്നത് കേരളത്തിലെ മാറ്റം വിളിച്ചോതുന്നതാണ്. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ താമര വിരിയുമോയെന്നതാണ് ഇനി അറിയാനുള്ളത്.