തൃശൂര്‍ പൂരം പ്രദര്‍ശനത്തിന് പതിനായിരങ്ങള്‍

0

തൃശൂര്‍ പുരത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന് ഇക്കുറി വന്‍ തിരക്ക്. പതിനായിരങ്ങളാണ് ദിവസവും പ്രദര്‍ശനം കാണാന്‍ എത്തുന്നത്.


കുട്ടികളുടെ പരീക്ഷകള്‍ കഴിഞ്ഞതും വേനലവധി ആയതും തിരക്കിന് കാരണമാവാറുണ്ട്. എന്നാല്‍ ഇക്കുറി സംഘാടകരുടെ എല്ലാ പ്രതീക്ഷകള്‍ക്കും മേലെയാണ് തിരക്ക്.

ശനി, ഞായര്‍ ദിവസങ്ങളില്‍ അനുഭവപ്പെടുന്ന വന്‍ തിരക്ക് ഇക്കുറി എല്ലാ ദിവസങ്ങളിലും കാണുന്നുണ്ട്. സ്റ്റാളുകളുടെ വിപൂലീകരണവും ആധുനികതക്ക് മുന്‍തൂക്കം നല്‍കിയതും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. റോബോട്ട് സ്റ്റാളില്‍ എല്ലായ്‌പ്പോഴും വന്‍തിരക്കാണ്. 50 രൂപ ഇവിടെ പ്രവേശന ഫീസുണ്ടെങ്കിലും കുട്ടികളുമായ എത്തുന്ന കുടുംബങ്ങളെല്ലാം ഇവിടെ കയറുന്നുണ്ട്.

വന്‍തിരക്കാണെങ്കിലും പൂരം പ്രദര്‍ശനം എന്നും ഹരമാണെന്ന് നിയമവിദ്യാര്‍ഥിനി മാളവിക പറഞ്ഞു. കുടുംബസമേതം എല്ലാ വര്‍ഷവും പ്രദര്‍ശനത്തിന് എത്താറുണ്ടെന്നും എന്നാല്‍ ഇക്കുറി ഒട്ടേറെ പ്രത്യേകതകള്‍ ഉണ്ടെന്നും മാളവിക പറഞ്ഞു.

കൊടും ചൂടില്‍ പ്രദര്‍ശനം കാണുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന അഭിപ്രായക്കാരുമുണ്ട്. ഇനിയെങ്കിലും എയര്‍കണ്ടീഷന്‍ഡ് സ്റ്റാളുകള്‍ നിര്‍ബന്ധമാക്കണമെന്നാണ് അവരുടെ അഭിപ്രായം.

എന്തായാലും വേനലവധിയില്‍ കുട്ടികളൊന്നിച്ച് വലിയ പണച്ചിലവില്ലാതെ ആസ്വദിക്കാന്‍ പറ്റം എന്നതാണ് കുടുംബങ്ങളെ ആകര്‍ഷിക്കുന്നത്. പൂരത്തിന് അധിക നാളുകളില്ല എന്നതിനാല്‍ ഇനിയുള്ള നാളുകളില്‍ തിരക്ക് ഇനിയും വര്‍ധിക്കും എന്നതില്‍ തര്‍ക്കമില്ല.